ദോഹ: കുതിച്ചുയരുന്ന വീട്ടുവാടക നിരക്കിനെ പിടിച്ചു നിർത്താൻ നിയമനിർമ്മാണം കൊണ്ടുവരണമെന്നുള്ള ആവശ്യം ശക്തമായി. അനുദിനമെന്നോണം വർധിക്കുന്ന വീടുവാടകയ്ക്ക് തടയിടാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. അനധികൃതമായി വില്ലകൾ വിഭജിച്ച് വാടകയ്ക്കു നൽകുന്നതും മറ്റും വാടക നിരക്ക് അനിയന്ത്രിതമായി കുതിച്ച് ഉയരാൻ കാരണമാകുകയാണ്.

വാടക നിരക്ക് കുത്തനെ ഉയരുന്നത് തടയുന്നതിന് നിയമനിർമ്മാണം വേണമെന്ന ആവശ്യവുമായി ഒരു സെൻട്രൽ മുനിസിപ്പൽ (സിഎംസി) മെമ്പറാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നിയന്ത്രണങ്ങളോടെ വില്ലകൾ വിഭജിച്ച് വാടകയ്ക്ക് നൽകാൻ അനുമതി നൽകണമെന്ന് ചില റിയൽ എസ്‌റ്റേറ്റ് ഏജൻസികളും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് വാടക നിരക്ക് പിടിച്ചു നിർത്താൻ പര്യാപ്തമായ നിയമം ഉണ്ടായിരുന്നുവെന്നും സിഎംസി മെമ്പർ ചൂണ്ടിക്കാട്ടി. ആവശ്യവും ലഭ്യതയും തമ്മിലുള്ള അളവുകോലായിരിക്കരുത് വാടകനിരക്ക്. ഇപ്പോൾ ആവശ്യത്തിന് വീടുകൾ കിട്ടാനില്ലെന്നുള്ളത് വാസ്തവം തന്നെ. എന്നാൽ ഇത് പിടിച്ചുനിർത്താനാവാത്ത വിധം വാടക നിരക്ക് വർധനയ്ക്ക് കാരണമാകാൻ പാടില്ല- അൽ ഹിലാലിൽ നിന്നുള്ള കൗൺസിലർ മിഷാൽ അൽ ദഹ്നിം വ്യക്തമാക്കുന്നു.

2022 വരെ വീടുകൾക്കുള്ള ഡിമാൻഡ് വർധിച്ചുകൊണ്ടേയിരിക്കും. വർധിച്ചു വരുന്ന വിദേശതൊഴിലാളികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വാടകയ്ക്ക് വീടു ലഭ്യമാകുന്നത് ഏറെ ദുഷ്‌ക്കരമാകും. എന്നാൽ ഇതനുസരിച്ച് വാടക നിരക്ക് വർധിക്കുന്നത് അനുവദിക്കാൻ പാടില്ല. എല്ലാ രണ്ടു വർഷവും വാടക പത്തു ശതമാനത്തിൽ കൂടുതൽ വർധിക്കാൻ പാടില്ല എന്ന നിയമം ശക്തമാക്കണം- അൽ ദഹ്നിം വ്യക്തമാക്കി.

അൽഖോർ, അൽ വക്ര എന്നീ മേഖലകളിലെ റസിഡൻഷ്യൽ പ്ലോട്ടുകൾ ഏതെങ്കിലും സർക്കാർ ഏജൻസികൾ ഏറ്റെടുത്തു വികസിപ്പിക്കുകയാണെങഅകിൽ ഭാവിയിൽ ഇതിനൊരു പരിഹാരമാകും. എന്നാൽ സ്വകാര്യ വ്യക്തികളാണ് ഇത് ഏറ്റെടുത്തു നടപ്പാക്കുന്നതെങ്കിൽ ഈ മേഖലയിൽ ചൂഷണം വർധിക്കുമെന്നും കൗൺസിൽ എടുത്തുപറയുന്നു.