ദോഹ: രാജ്യത്തെ മുഴുവൻ പേർക്കും പ്രമേഹ പരിശോധന നിർബന്ധമാക്കുന്ന പദ്ധതിക്ക് ഖത്തർ രൂപം നല്കുന്നു. ഖത്തറിൽ പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രമേഹത്തെ നേരിടുന്നതിനുള്ള നാഷനൽ സ്ട്രാറ്റജിക്ക് ഉന്നത ആരോഗ്യ സമിതി(എസ്.സി.എച്ച്.) ഉടൻ തുടക്കം കുറിക്കുമെന്ന് എസ്.സി.എച്ച്. പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ദോഹയിൽ ആരംഭിച്ച ത്രിദിന അറബ് ഡയബറ്റിക് കോൺഗ്രസിനോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പ്രമേഹ പ്രതിരോധ പദ്ധതിയുടെ ലക്ഷ്യം ആരംഭത്തിലേ രോഗം കണ്ടെത്തി ചികിത്സിക്കുക എന്നതാണ്. രാജ്യാന്തര നിലവാരത്തിലുള്ള മികച്ച ചികിത്സ ലഭ്യമാക്കുന്നതിലൂടെ ടൈപ്പ് ഒന്ന്, രണ്ട് പ്രമേഹങ്ങളുടെ സങ്കീർണതകൾ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമേഹ പ്രതിരോധ പദ്ധതിക്ക് അന്തിമരൂപമായിക്കഴിഞ്ഞു. സുപ്രീം കൗൺസിൽ ഉന്നതാധികൃതർ ഇതുപരിശോധിച്ചുവരികയാണ്.

നേരത്തേ കണെ്ടത്തുകയും ചികിൽസിക്കുകയും ചെയ്ത് രോഗം തടയുക എന്നതിനാണ് നാഷനൽ സ്ട്രാറ്റജി ഊന്നൽ നൽകുന്നത്. 2012ലെ സർവേ പ്രകാരം ഖത്തറിലെ ജനങ്ങളിൽ 16.7 ശതമാനം പ്രമേഹ രോഗികളാണെന്ന് കണെ്ടത്തിയിരുന്നു. ഇതുപ്രകാരം ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള 10 രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. ഖത്തറിൽ സെഹ ആരോഗ്യ ഇൻഷുറൻസിൽ പ്രമേഹചികിത്സ ഉൾപ്പെടുത്തിയിട്ടുണ്ട്.