- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാണക സംഘിയെന്ന് വിളിച്ചോളൂ; ഗുരുദേവന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്; ചിലർ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങൾകൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം; ഞാൻ ഇപ്പോഴും നരേന്ദ്ര മോദിയുടെ പടയാളി തന്നെ; വിമർശകരോട് 'ബിഗ് ഷിറ്റ്' പറഞ്ഞ് സുരേഷ് ഗോപി!
കോഴിക്കോട്: ബിജെപി അനുയായി ആയതിന്റെ പേരിൽ തന്നെ നിരന്തരം വിമർശിക്കുന്നവർക്ക് അതേനാണയത്തിൽ മറുപടി നൽകി നടനും എംപിയുമായ സുരേഷ് ഗോപി. തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിലർ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങൾകൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവേയാണ് സുരേഷ് ഗോപി വിമർശകർക്ക് ചുട്ട മറുപടി നൽകിയത്.
ഞാൻ ലോകം മുഴുവൻ ആരാധകനുള്ള, വിശ്വസിക്കാൻ കൊള്ളാമെന്ന് കരുതുന്ന ഒരു നേതാവായ നരേന്ദ്ര മോദിയുടെ പടയാളി തന്നെയാണ്. അതിനെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടതുപക്ഷം 45 വർഷം കോഴിക്കോട് ഭരിച്ചിട്ടുണ്ട്. നന്മയുടെ നഗരമെന്നാണ് എസ്.കെ കോഴിക്കോടിനെ വിശേഷിപ്പിച്ചത്. ആ നന്മയുടെ നഗരത്തിൽ നിന്ന് അൽപം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാൽ മതിയെന്ന് എം ടി വാസുദേവൻനായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലേക്ക് വന്ന് നോക്കൂ. കേന്ദ്രപദ്ധതികൾ വഴി ഒരു സിനിമാനടനായ എംപി, കെട്ടിയിറക്കിയ എംപി എന്ത് ചെയ്തുവെന്ന് മനസ്സിലാക്കി താരാം. ആയിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച് തരാം. കേരളം മലയാളികളുടേതാണെങ്കിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയാളികൾ താമരയ്ക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
'പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാൻ മൂന്ന് വർഷമായി ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണെങ്കിൽ അവിടെ എന്നേ ഒരു റോഡ് വന്നേനെ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്ട രാഷ്ട്രീയക്കാർ. ഇതിനെതിരെ വോട്ടർമാർ യുക്തിപരമായി ചിന്തിച്ച് വോട്ടു ചെയ്യണം.'
'അത്യാധുനിക മരം മുറി യന്ത്രങ്ങൾ കൊണ്ടു വന്ന് കല്ലായിയിലെ മരവ്യവസായത്തെ പുനരുജ്ജീവിപ്പിച്ചൂടെ തലമുറമാറ്റം വേണം എല്ലാ തൊഴിൽ മേഖലയിലും. ഇതെല്ലാം മുരടിപ്പിച്ച സർക്കാരിനെയാണോ നിങ്ങൾ വികസനം താരത്മ്യം ചെയ്യാൻ എടുക്കുന്നത്. നിഷ്കാസനം ചെയ്യണം ഈ സർക്കാരിനെ. നാളെ ഒരു ദിവസം കൂടി സമയമുണ്ട്. നിങ്ങൾ നന്നായി ആലോചിക്കൂ. അദ്ദേഹം പറഞ്ഞു.
75 ഡിവിഷനുള്ള കോഴിക്കോട് കോർപ്പറേഷനിൽ 74 ഇടത്തും ബിജെപി മത്സരിക്കുന്നു. എന്റെ അതിമോഹമാണ് പറയുന്നത് ഒരു 55 പേരെ തന്നാൽ അല്ലെങ്കിൽ ഒരു 45 പേരെ തന്നാൽ അല്ലെങ്കിൽ ഒരു 40 പേരെ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ചു തരാം. തിരുവനന്തപുരം പിടിക്കും തൃപ്പൂണിത്തുറ പിടിക്കും കണ്ണൂരിൽ മുന്നേറും എന്നൊക്കെ പറയുന്നു. പിടിച്ചെടുക്കുന്നുവെന്നല്ല കോഴിക്കോട് കോർപ്പറേഷനിൽ താമരക്കുട്ടന്മാർ നിറയണം എന്നാണ് ഞാൻ പറയുന്നത്. ' സുരേഷ് ഗോപി പറഞ്ഞു.