റിയാദ്: റെസ്‌റ്റോറന്റുകളിൽ ഉയർന്ന വില ഈടാക്കുന്നതിനെതിരേ സോഷ്യൽ മീഡിയയിൽ കാമ്പയിനുകൾ ആരംഭിച്ചു. റെസ്റ്റോറന്റുകൾ ബഹിഷ്‌ക്കരിച്ച് ജനം വിലവർധനയ്‌ക്കെതിരേ പ്രതിഷേധിക്കാനാണ് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്യുന്നത്. ആഹാരപദാർഥങ്ങൾക്ക് ഏറെ വില കുറഞ്ഞ സാഹചര്യത്തിൽ റെസ്റ്റോറന്റുകളിൽ ഉയർന്ന വില ഈടാക്കുന്നതിന് എതിരേയാണ് പ്രതിഷേധം വ്യാപകമായിരിക്കുന്നത്.

ചിക്കൻ ഉൾപ്പെടെയുള്ള ഇറച്ചി ഉത്പന്നങ്ങൾ, പച്ചക്കറി, പഴങ്ങൾ എന്നിവയ്‌ക്കെല്ലാം തന്നെ വൻ വിലക്കുറവാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നിട്ടും റെസ്റ്റോറന്റുകളിൽ വില വർധിപ്പിക്കുന്ന നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ അരങ്ങേറുന്നത്. നേരത്തെ ടെലിഫോൺ കമ്പനികൾക്കും മറ്റ് ചില പ്രസ്ഥാനങ്ങൾക്കുമെതിരെ സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.