- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രസർക്കാറുമായി പരസ്യമായി പോർമുഖം തുറന്ന് മമത ബാനർജി; യോഗത്തിന് മുന്നെ പ്രധാനമന്ത്രിയെ കാത്തുനിർത്തിയത് അര മണിക്കുറോളം; ഒടുവിൽ യോഗത്തിൽ പങ്കെടുക്കാതെ ആശയവിനിമയം മാത്രം; കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം; ചീഫ് സെക്രട്ടറിയെ തിരിച്ച് വിളിച്ച് പ്രതികാര നടപടി
ന്യൂഡൽഹി: കേന്ദ്രസർക്കാറുമായി പരസ്യമായി പോർമുഖം തുറന്ന് മമത ബാനർജി.പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തെ അരമണിക്കൂറോളം കാത്തി നിർത്തിയതിന് പുറമെ യോഗത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ കെടുതികൾ വിലയിരുത്തുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബംഗാളിൽ നടന്ന യോഗത്തിലാണ് നാടകീ സംഭവങ്ങൾ അരങ്ങേറിയത്.സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തി.
അവലോകന യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ബംഗാൾ സർക്കാരിൽനിന്ന് ആരും ഉണ്ടായിരുന്നില്ല. ഈ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും റിപ്പോർട്ട് കൈമാറിയ ശേഷം മമത അവിടെനിന്നു പോവുകയായിരുന്നു.ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡുചെയ്ത എയർബേസിൽ 15 മിനിറ്റ് നേരം മോദിയുമായി ആശയവിനിമയം നടത്തുക മാത്രമാണു മമത ചെയ്തത്.
'താങ്കൾ എന്നെ കാണാൻ ആഗ്രഹിച്ചതിനാലാണു വന്നത്. ഞാനും ചീഫ് സെക്രട്ടറിയും ഈ റിപ്പോർട്ട് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്കു ദിഘയിൽ മറ്റൊരു യോഗമുണ്ട്. അവിടേക്കു പോകാൻ അനുമതി തേടുന്നു' എന്നാണു മമത പറഞ്ഞതെന്നാണു റിപ്പോർട്ട്.രൂക്ഷമായ വാക്പോര് നടന്ന ബംഗാൾ തിരഞ്ഞെടുപ്പിനുശേഷം മോദിയുടെയും മമതയുടെയും ആദ്യ മുഖാമുഖമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ടായിരുന്നു ഈ കൂടിക്കാഴ്ചയ്ക്ക്.
പ്രധാനമന്ത്രി മോദിയെയും ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെയും അരമണിക്കൂറോളം മമത കാത്തുനിർത്തിയതായി കേന്ദ്ര സർക്കാർ ആരോപിക്കുന്നു. 'മുഖ്യമന്ത്രി മമത കാർക്കശ്യവും അഹങ്കാരവുമുള്ളയാണ്. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചു ശ്രദ്ധിക്കാത്ത വ്യക്തിയുമാണ്. അവരുടെ ഈ പെരുമാറ്റത്തിലൂടെ ഫെഡറലിസത്തിന് അഭൂതപൂർവമായ തിരിച്ചടി നേരിട്ടു. പ്രകൃതിദുരന്തത്തിനിടയിലും അവരുടെ പെരുമാറ്റം നിന്ദ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമായ രാഷ്ട്രീയമാണ് പ്രകടിപ്പിച്ചത്' സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇതിനുപുറമെ മമത ബാനർജി ബഹിഷ്കരിച്ച സംഭവത്തിൽ കേന്ദ്രത്തിന്റെ പ്രതികാര നടപടിയും ആരംഭിച്ചു. ബംഗാൾ ചീഫ് സെക്രട്ടറി അലാപൻ ബന്ദോപാധ്യയെ കേന്ദ്രം തിരിച്ചുവിളിച്ചു.നാല് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസം കൂട്ടി കേന്ദ്രം നീട്ടിനൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ ബന്ദോപാധ്യയെ ഡൽഹിയിലെ പഴ്സണൽ മന്ത്രാലയത്തിലേക്ക് തിരിച്ചയക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. നിയമപ്രകാരം ഡൽഹിയിലേക്ക് തിരിച്ചയക്കുന്നതിനു മുൻപ് മമത ബാനർജി സർക്കാരിന് ആദ്യം ചീഫ് സെക്രട്ടറിയെ ഒഴിവാക്കേണ്ടിവരും.
പ്രധാനമന്ത്രിയെ ബഹിഷ്കരിക്കുകയാണു മമത ചെയ്തതെന്നു ഗവർണർ ആരോപിച്ചു. യോഗത്തിന്റേതായി ഗവർണർ ട്വീറ്റ് ചെയ്ത ഫോട്ടോയിൽ പ്രധാനമന്ത്രി, ബിജെപി നേതാവ് സുവേന്ദു അധികാരി, ഉദ്യോഗസ്ഥർ എന്നിവരെയും ഒഴിഞ്ഞ കസേരകളും കാണാം. ബംഗാളിലും ഒഡീഷയിലും ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിലയിരുത്താൻ വ്യോമനിരീക്ഷണം നടത്തിയശേഷമാണു പ്രധാനമന്ത്രി ബംഗാളിലെ കലൈകുണ്ട എയർ ബേസിൽ വന്നിറങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ