കാൻബറ: ഗണപതി ഭഗവാൻ മട്ടൻ വിരുന്നിൽ പങ്കെടുക്കുന്നതായി ചിത്രീകരിച്ച ടിവി പരസ്യം നിരോധിക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ഓസ്‌ട്രേലിയയിലെ അഡ്വർടൈസിങ് സ്റ്റാന്റേഡ്‌സ് ബ്യൂറോ തള്ളി.ഓസ്‌ട്രേലിയയിലെ ഇറച്ചിവ്യാപാരികൾക്കായി തയ്യാറാക്കിയ ടി വി പരസ്യമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണം ഇപ്പോൾ നേരിട്ടത്. വിവിധ മതങ്ങളുടെ ദൈവങ്ങൾ ആട്ടിറച്ചി കഴിക്കാൻ ഒരുമിക്കുന്നു എന്ന രീതിയിലുള്ള പരസ്യമാണ് എതിർപ്പു ക്ഷണിച്ചു വരുത്തിയത്.

യേശുക്രിസ്തു, പ്രവാചകൻ , സിയൂസ് ദേവൻ, ബുദ്ധൻ, വീനസ്, ഗണപതി, മോസസ്, ഫറോവ തുടങ്ങി ഒട്ടുമിക്ക ദൈവങ്ങളും തീന്മേശയിൽ ഒരുമിക്കുകയാണ്.. ചർച്ച് ഓഫ് സൈന്റോളജി സ്ഥാപകൻ ഹൊബാർഡും സ്റ്റാർവാർ കഥാപാത്രങ്ങളും ഇവരോടൊപ്പമുണ്ട്.

യു നെവർ ലാംബ് എലോൺ എന്ന പേരിൽ മീറ്റ് ആൻഡ് ലൈവ് സ്റ്റോക് ഡിപ്പാർട്ട്‌മെന്റ് തയ്യാറാക്കിയ പരസ്യം അതിലെ ഒരു കഥാപാത്രത്തെയും ഒറ്റയ്‌ക്കോ, കൂട്ടായോ മോശമായി ചിത്രീകരിക്കുന്നില്ലെന്ന് എസ്ബി ബോർഡ് വിധിയെഴുതി.മതവൈവിധ്യമാണ് പരസ്യത്തിൽ ആഘോഷിക്കുന്നതെന്നും, ആരോടും മുൻവിധിയോ, വിവേചനമോ, താറടിക്കലോ തങ്ങൾ ഉദ്ദേശിച്ചില്ലെന്നും എംഎൽഎ വിശദീകരണം നൽകി.എല്ലാ മതങ്ങളും ഒരേ അഭിപ്രായത്തിലെത്തുന്ന പല വിഷയങ്ങളുണ്ടാവാം. അതിലൊന്ന് ആട് എന്നാണ് തങ്ങൾ അർഥമാക്കിയത്.ഗോമാംസം കഴിക്കുന്നതിൽ നിന്ന് പല ഹിന്ദുക്കളും വിട്ടുനിൽക്കുന്നുണ്ടെങ്കിലും ആട്ടിറച്ചി കഴിക്കുന്നതിൽ അത്തരമൊരു തൊട്ടുകൂടായ്മ നിലവിലില്ല.പരസ്യത്തിലൊരിടത്തും, ഗണപതി ആട്ടിറച്ചി കഴിക്കുന്നതായോ, മദ്യം കുടിക്കുന്നതായോ ചിത്രീകരിച്ചിട്ടില്ലെന്നും മീറ്റ് ആൻഡ് ലൈവ് സ്റ്റോക് ഡിപ്പാർട്ട്‌മെന്റ് വിശദീകരിച്ചു.

200 ഓളം പരാതികളാണ് ഓസ്‌ട്രേലിയൻ അഡ്വവർടൈസിങ് സ്റ്റാന്റേഡ്‌സ് ബ്യൂറോയ്ക്ക് ലഭിച്ചത്. ലക്ഷക്കണക്കിന് ഹൈന്ദവ വിശ്വാസികളാണ് ഇതിനെതിരേ ആദ്യം തന്നെ രംഗത്ത് എത്തിയത്. ടോസ്റ്റു ചെയ്ത ആട്ടിറച്ചിയെ ഗണപതി വിശേഷിപ്പിക്കുന്നത് നമുക്കെല്ലാം പറ്റിയ ഇറച്ചി (ദ മീറ്റ് വീ ക്യാൻ ഓൾ ഈറ്റ്)എന്നാണ്. വീര്യമുള്ള വീഞ്ഞിനെ തിരിച്ച് പച്ചവെള്ളമാക്കി വീനസ് ദേവതയ്ക്ക് യേശുക്രിസ്തു നല്കുന്നത് സുരക്ഷിതയായി ഡ്രൈവ് ചെയ്ത് തിരികെ വീട്ടിലെത്താനാണ്. മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് പിടിക്കാതിരിക്കാൻ. റിവേഴ്‌സ് മിറക്കിൾ എന്നാണ് അദ്ദേഹം ഈ അദ്ഭുതത്തെ വിശേഷിപ്പിക്കുന്നത്.

പ്രവാചകനെ പക്ഷേ പരസ്യത്തിൽ ചിത്രീകരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം ആതിഥേയായ സ്ത്രീയ മൊബൈലിൽ വിളിക്കുന്നുണ്ട്. കുട്ടിയെ നോക്കാനുള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്നാണ് വിരുന്നിനിടെ ഫോണിൽ വിളിച്ച് അദ്ദേഹം അറിയിക്കുന്നത്. സിനിമാതാരമായ ടോം ക്രൂസുമായുള്ള വിരുന്ന് റ്ദ്ദാക്കിയാണ് താൻ ഈ വിരുന്നിൽ പങ്കെടുക്കുന്നതെന്ന് ചർച്ച് ഓഫ് സൈന്റോളജി സ്ഥാപകൻ ഹൊബാർഡ് പറയുന്നത്.
ഇന്ത്യയിൽ ഒട്ടേറെ രാഷ്ട്രീയ മത വിവാദങ്ങൾക്ക് ഇത് കാരണമായേക്കാമെങ്കിലും ആക്ഷേപഹാസ്യ ശൈലിയിൽ നിർമ്മിക്കപ്പെട്ട പരസ്യത്തിൽ എതിർക്കപ്പെടേണ്ടതൊന്നുമില്ല എന്ന നിലപാടാണ് ഓസ്‌ട്രേലിയൻ മൃഗസംരക്ഷണ വകുപ്പിനുള്ളത്. ലോകത്ത് കന്നുകാലി വളർത്തലിലും ഇറച്ചി വ്യാപാരത്തിലും മുൻപന്തിയിലാണ് ഓസ്‌ട്രേലിയ. എന്നാൽ ഈ പരസ്യത്തിനെതിരേ ദിനം പ്രതി ഒട്ടേറെ പരാതികളാണ് ഓസ്‌ട്രേലിയൻ ഹൈക്കമീണഷർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയകളിലും ഈ പരസ്യം വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. മതവികാരം വ്രണപ്പെടുന്ന ഒന്നും തന്നെയില്ല എന്നു പറയുന്ന നിരീശ്വരവാദികൾ തുടങ്ങി പരസ്യം നിരോധിക്കണമെന്ന് കടുത്തഭാഷയിൽ ആവശ്യപ്പെടുന്ന വിശ്വാസികൾ വരെയുണ്ട്.
എന്നാൽ പരസ്യം അല്പം കടുത്തുപോയി എന്ന നിലപാടാണ് ഇന്ത്യൻ വിദേശകാര്യവകുപ്പിനും ഇതിനുള്ളത്.