മനാമ: കുറ്റവാളികളെ പിടികൂടുന്നതിനായി 2000ത്തോളം അത്യാധുനിക സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുവാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മനാമ, ബുദൈയാ തുടങ്ങിയ ജനനിബിഡമായ സ്ഥലങ്ങളിലാണ് ഈ ക്യാമറകൾ സ്ഥാപിക്കുന്നത്. ആൾക്കൂട്ടത്തിൽ നിന്നു പോലും കുറ്റവാളികളെ തിരിച്ചറിയുവാൻ സഹായിക്കുന്ന വിധത്തിലുള്ള ക്യാമറകളാണ് സ്ഥാപിക്കുന്നത്.

ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ.എസ്.എസ് ടെക്നോളജിയും ക്നൈഡർ ഇലക്ട്രിക്കും സംയുക്തമായാണ് ക്യാമറയുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങൾ ആഭ്യന്തമ മന്ത്രാലയത്തിന് ചെയ്തു നൽകുന്നത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ക്യാമറകൾ നിർവഹിക്കുക. വിവിധ ഭാഗങ്ങളെ നിരീക്ഷിക്കുകകയും വാഹനങ്ങളെയും വ്യക്തികളെയും തിരിച്ചറിയുകയുമാണത്. ഒരു ഷോട്ടിൽ 75 മുഖങ്ങൾ വരെ സ്‌കാൻ ചെയ്യാൻ ഈ ക്യാമറകൾക്ക് സാധിക്കും.

കൺട്രോൾ റൂമിലിരുന്നു കൊണ്ട് കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ക്യാമറയുടെ പ്രവർത്തനം. കുറ്റവാളികളെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ പൊലീസ് സേനയെ അറിയിക്കുവാനും ഈ ക്യാമറകൾക്ക് സാധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. കുറ്റവാളികളുടെ മുഖം ക്യാമറകൾ സ്‌കാൻ ചെയ്യുകയും ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ആ കുറ്റവാളിയുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കുവാനും ഉള്ള സൗകര്യം ഇവിടെയുണ്ടാകും. മോഷണം പോകുന്നതടക്കമുള്ള വാഹനങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.