ലണ്ടൻ: എലിസബത്ത് രാജ്ഞി സ്ഥാനത്യാഗം ചെയ്ത് ചാൾസിനെ രാജാവായി വാഴിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, ചാൾസ് രാജാവാകുന്നതിന്റെ സാധ്യതകൾ ബ്രിട്ടീഷ് ജനത ചർച്ച ചെയ്തുതുടങ്ങി. തനിക്ക് 95 വയസ്സായാൽ, സ്ഥാനത്യാഗം ചെയ്ത് പിൻതുടർച്ചാവകാശിയെ വാഴിക്കാൻ അനുവദിക്കുന്ന റീജൻസി നിയമം നടപ്പാക്കി വിശ്രമജീവിതത്തിലേക്ക് പിന്മാറുമെന്നാണ് എലിസബത്ത് രാജ്ഞി നൽകുന്ന സൂചന.

എന്നാൽ, ചാൾസിന്റെ കിരീടവാഴ്ച അത്രയെളുപ്പമാകില്ലെന്ന് കരുതുന്നവരുണ്ട്. ഭാര്യ കാമിലയോടുള്ള ബ്രിട്ടീഷ് ജനതയുടെ വെറുപ്പ് തന്നെയാണ് അതിന് കാരണം. ഡയാന രാജകുമാരിയെ ഒഴിവാക്കി ചാൾസ് കാമിലയെ വിവാഹം കഴിച്ചത് ഇന്നും ഉൾക്കൊള്ളാൻ അവർക്കായിട്ടില്ല. 1997-ൽ ഡയാന മരിച്ചശേഷം 2005-ലാണ് കാമിലയെ ചാൾസ് വിവാഹം ചെയ്തതെങ്കിലും ചാൾസ്-ഡയാന ബന്ധം ഉലഞ്ഞതിന് പിന്നിൽ കാമിലയുടെ സാന്നിധ്യമായിരുന്നുവെന്നത് പരസ്യമാണ്.

ചാൾസിന്റെ ഭാര്യയെന്ന നിലയിൽ ബ്രിട്ടീഷ് രാജ്ഞിയായി കാമില വരുന്നതിനോട് ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും താത്പര്യമില്ല. സൺഡെ എക്സ്‌പ്രസ് പത്രം നടത്തിയ സർവേയിൽ പങ്കെടുത്ത 67 ശതമാനം പേരും രാജ്ഞിപദവിയിലെത്താൻ കാമിലയ്ക്ക് യോഗ്യതയില്ലെന്ന നിലപാടിലാണ്. 19 ശതമാനം പേർ മാത്രമാണ് രാജ്ഞിയായി അവരെ ഉൾക്കൊള്ളുന്നുള്ളൂ.

ഡയാന രാജകുമാരിയെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററി ബ്രിട്ടീഷ് ജനതയുടെ മനസ്സിൽ വീണ്ടും കാമില വിരുദ്ധ മനോഭാവം സൃഷ്ടിച്ചിരിക്കുകയാണ്. ഡയാന ഫ്രം ബിയോണ്ട് ദ ഗ്രേവ് എന്ന ഡ്യോക്യുമെന്ററി ഡയാന ജീവിച്ചിരുന്ന കാലത്ത് കാമിലയും ചാൾസുമായുള്ള അവിഹിത ബന്ധത്തിലേക്കും വെളിച്ചം വീശുന്നതാണ്. 1992-നും 1993-നും ഇടയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി ഡയാനയ്കക്ക് 31 വയസ്സുള്ളപ്പോഴത്തേതാണ്. ചാൾസുമായി പിരിഞ്ഞയുടനെ അവരുടെ വാക്കുകളിലൂടെ ദാമ്പ്യത്യത്തിലെ കല്ലുകടികൾ വിശദമാക്കുന്നതണ് ഈ ഡോക്യുമെന്ററി.

മരിച്ച് 20 വർഷം പിന്നിട്ടെങ്കിലും ഇന്നും ജനങ്ങളേറ്റവും കൂടുതൽ ആരാധിക്കുന്നതും സ്‌നേഹികക്കുന്നതും ഡയാനയെയാണെന്ന് സർവേ സൂചിപ്പിക്കുന്നു. ചാൾസിനെക്കാൾ, മക്കളായ വില്യമിനെയും ഹാരിയെയും ജനങ്ങൾ കൂടുതൽ ആരാധിക്കുന്നത് ഡയാനയുടെ വ്യക്തിപ്രഭാവം ഇവരിലൂടെ തുടരുന്നതുകൊണ്ടാണ്.

1997 ഓഗസ്റ്റ് 31-നാണ് ഡയാന രാജകുമാരി സുഹൃതത്തിനൊപ്പം പാരീസിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെടുന്നത്. ചാൾസും കാമിലയുമായുള്ള അവിഹിത ബന്ധത്തെത്തുടർന്നാണ് ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതും ഡയാനയും ചാൾസും അകലുന്നതും. ഡയാനയുടെ മരണത്തനുത്തരവാദിയായാണ് കാമിലയെ ജനങ്ങൾ ഇപ്പോഴും കാണുന്നത്. ഡയാനയുടെ ജന്മനാടായ വെയ്ൽസിൽ നാലിൽ മൂന്നുപേരും കാമില രാജ്ഞിയാകുന്നതിനെ എതിർക്കുന്നതായി സർവേ സൂചിപ്പിക്കുന്നു.