ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ള ദാമ്പത്യബന്ധത്തിലെ പൊട്ടലും ചീറ്റലും ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ എഴുത്തുകാരനായ പെന്നി ജുനോർ താൻ രചിച്ച കാമിലയുടെ ജീവചരിത്രത്തിലൂടെ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. ചാൾസ് കാമിലയ്ക്ക് വാങ്ങി വച്ച ബ്രേസ്‌ലെറ്റ് കണ്ട് ഡയാന മധുവിധു നാളുകളിൽ പൊട്ടിക്കരഞ്ഞുവെന്ന പുതിയ വിവരമാണ് ജുനോർ പുറത്ത് വിട്ടിരിക്കുന്നത്. ഈ ബ്രേസ് ലെറ്റ് കണ്ട ഡയാനയുടെ മനോനിയന്ത്രണം നഷ്ടപ്പെടുകയും സാധനങ്ങൾ എല്ലാം വലിച്ചെറിഞ്ഞ് ആറ് മണിക്കൂർ അലറിവിളിക്കുകയും ചെയ്തിരുന്നുവത്രെ.

ചാൾസും കാമിലയും തമ്മിലുള്ള ബന്ധമറിഞ്ഞ് ഡയാന കടുത്ത മനോവിഭ്രാന്തിയിൽ അകപ്പെട്ടിരുന്നുവെന്നും അതവരെ പിടിവാശിക്കാരിയാക്കിയിരുന്നുവെന്നും ജുനോർ വെളിപ്പെടുത്തുന്നു. രാജകീയ ജോലികൾ ചെയ്യാൻ പോകുമ്പോൾ മിക്കവാറും ചാൾസ് ഡയാനയെ ഏകയാക്കിയാണ് പോകാറുള്ളതെന്നും അതിൽ ഡയാന കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ചാൾസ് അമ്മയായ രാജ്ഞിക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ പോലും ഡയാന അസൂയ പ്രകടിപ്പിച്ചിരുന്നു. ഡയാനയുടെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം ചാൾസ് കാമിലയുമായുള്ള ബന്ധം തുടരുന്നതായിരുന്നുവെന്നും ഈ പുസ്തകം വിശദമാക്കുന്നു.

കാമിലയുടെ 70ാം പിറന്നാൾ പ്രമാണിച്ച് അടുത്ത മാസമാണീ വിവാദ ജീവചരിത്രം പുറത്തിറങ്ങുന്നത്. ചാൾസും കാമിലയും തമ്മിലുള്ള ബന്ധത്തിലെ ഇതുവരെ കാണാത്ത വശങ്ങൾ അനാവരണം ചെയ്യുന്ന പുസ്തകമാണിത്. ഡയാനയെ വിവാഹം ചെയ്ത രാത്രിയിൽ ചാൾസ് കാമിലയെ ഓർത്ത് പൊട്ടിക്കരഞ്ഞിരുന്നുവെന്ന് ശനിയാഴ്ച പെന്നി ജുനോർ ഡെയിലി മെയിലിലൂടെ വെളിപ്പെടുത്തിയിരുന്നു. കാമിലയുടെ വിവാഹബന്ധം എത്തരത്തിലാണ് തകർച്ചയുടെ വക്കിലെത്തിയതെന്നാണ് ഇപ്പോൾ പെന്നി വിവരിക്കുന്നത്. ആൻഡ്രൂവുമായുള്ള വിവാഹത്തിന് ശേഷവും കാമില ചാൾസുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നും അത് കാമിലയുടെ വിവാഹ ബന്ധം തകർക്കാൻ വഴിയൊരുക്കിയെന്നും പെന്നി എഴുതുന്നു.

വിൽറ്റ്‌ഷെയറിലെ അല്ലിൻഗ്ടൺ ഗ്രാമത്തിലെ ബോലെൻഹൈഡിലുള്ള കാമിലയുടെ വീട്ടിലേക്ക് ചാൾസ് ഡയാനയെ ആദ്യമായി കൊണ്ടു വന്നപ്പോൾ കാമിലയും ഡയാനയും വളരെ സൗഹാർദത്തോടെയായിരുന്നു പെരുമാറിയിരുന്നത്. കാമിലയുടെ സൗഹൃദത്തെ പ്രശംസിച്ച് ഡയാന അന്ന് പ്രശംരിക്കുകയും ചെയ്തുവെന്നാണ് പെന്നി വെളിപ്പെടുത്തുന്നത്. വിവാഹ ശേഷവും ഡയാന വളരെ കാൽപനികവും ഫാന്റസി കലർന്നതുമായ ലോകത്താണ് ജീവിച്ചിരുന്നതെന്നും പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. ആ സമയത്ത് സ്ത്രീകളുടെ മാഗസിനുകളും ബാർബറ കാർട്ട്‌ലാൻഡ് നോവലുകളും വായിച്ച് മായാലോകത്താണ് ഡയാന ജീവിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്.

ചാൾസുമായുള്ള എൻഗേജ്‌മെന്റിന് ശേഷം രാജ്ഞിക്കൊപ്പം ക്ലാറൻസ് ഹൗസിലെത്തിയിരുന്നു. തുടർന്ന് ബക്കിങ് ഹാം പാലസിലേക്കും താമസം മാറിയിരുന്നു. ക്ലാറൻസ് ഹൗസിലെ തതന്റെ ബെഡിൽ വച്ച് ഈ സമയത്ത് കാമില ചാൾസിന് അയച്ച ഒരു കത്ത് ഡയാന യാദൃശ്ചികമായി കണ്ടിരുന്നുവെന്നും അത് ഡയാനയെ അസ്വസ്ഥയാക്കിയിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.