ദോഹ : ഖുർആനറിയാം പൊരുളറിയാം' എന്ന ശീർഷകത്തിൽ അൽ മദ്‌റസ അൽ ഇസ്ലാമിയ സംഘടിപ്പിച്ച കാമ്പയിനിന്റെ സമാപനം മാർച്ച് 23 വെള്ളിയാഴ്‌ച്ച വൈകീട്ട് നാല് മണി മുതൽ മദ്‌റസ കാമ്പസിൽ വെച്ച് നടക്കും. വിദ്യാർത്ഥികൾ ഒരുക്കുന്ന ഖുർആൻ എക്‌സിബിഷന്റെ ഔപചാരിക ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര നിർവ്വഹിക്കും. പ്രദർശനം ആറ് മണിവരെയായിരിക്കും.

മഗ്രിബ് നമസ്‌കാരന്തരം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഖുർആൻ റിയാലിറ്റി ഷോ, ആക്ഷൻ സോങ്ങ്, ഒപ്പന, ഖുർആൻ കഥ പ്രമേയമായുള്ള ലഘു ചിത്രീകരണം, സംഘഗാനം, തുടങ്ങിയ വിനോദവും വിജ്ഞാനവും പകരുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.

കാമ്പയിൻ കാലത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും കഴിഞ്ഞ വർഷത്തെ 7ാം ക്ലാസ് പൊതുപരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും.

സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ.സി അബ്ദുൽ ലത്തീഫ് , എം.വി മുഹമ്മദ് സലീം മൗലവി, കെ.എ ഖാസിം മൗലവി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും.