വസ്ത്രധാരണ രീതിയിൽ കർശനാമായ വ്യവസ്ഥകൾ പാലിച്ച് വരുന്ന സൗദിയിൽ നിന്ന് മറ്റൊരു കഥ കൂടി. പരമ്പരാഗതമായി ഉപയോഗിക്കുന്ന കറുത്ത അബായകൾക്കു പകരം ഇറുകിയതും മറ്റുള്ളവരെ ആകർഷിക്കുന്ന വർണ്ണപ്പകിട്ടുള്ള പർദ്ദകൾ ധരിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ദമാം സർവ്വകലാശാല.

കറുത്ത നിറത്തിന് പകരം വനിതകൾ വർണ്ണപ്പകിട്ടുള്ള പർദ്ദകൾ ഉപയോഗിക്കുന്നതിനെതിരെയാണ് പുതിയ ക്യാമ്പെയ്ൻ തുടങ്ങിയതായാണ് റിപ്പോർട്ട്.   വർണ്ണപ്പകിട്ടുള്ള പർദ്ദകൾ വ്യാപകമായതോടെയാണ് സ്വദേശി വനിതകൾക്കിടയിലും കാമ്പസുകളിലും കാമ്പയിൻ തുടങ്ങിയത്.

പർദ്ദകൾക്ക് സമാനമായ വസ്ത്രമാണ് അബായ. ദമാം സർവ്വകലാശാല ക്യാമ്പെയ്‌ന്റെ ഭാഗമായി കാമ്പസിലെ അദ്ധ്യാപകരും സെക്യൂരിറ്റി വിഭാഗവും വിദ്യാർത്ഥിനികളോട് മാന്യമായ അബായ ധരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വിദ്യാർത്ഥിനികൾക്കെതിരെ പിഴ ഉൾപ്പെടെ ഉള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കാമ്പസ് അധികൃതർ പറഞ്ഞു.

കൂടാതെ ഷോപ്പുകളിൽ ഉദ്യോഗസ്ഥരെത്തി വർണ്ണപ്പകിട്ടുള്ള മോഡേൺ അബായകൾ വിൽക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയതായി വിൽപ്പനക്കാർ പറഞ്ഞു.