പൂഞ്ഞാർ: ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സമൂഹ മാധ്യമത്തിലൂടെ വായ മൂടെടാ പി.സി എന്ന ക്യാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്. ജോർജ് വായ മൂടണമെന്ന് ആവശ്യപ്പെട്ട് സെല്ലോ ടേപ്പുകൾ അയച്ച് കൊടുത്താണ് പ്രതിഷേധം. പി.സി ജോർജിന്റെ വിലസമടങ്ങിയ കവറിന് മുകളിൽ ഹാഷ്ടാഗ് എഴുതി അയയ്ക്കാനായി വച്ചരിക്കുന്ന സെല്ലൊടേപ്പ് അടക്കമുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാണ്.

ഹാഷ്ടാഗ് ഇറങ്ങി നിമിഷങ്ങൾക്കകം ഒട്ടേറെ പേരാണ് ഇതിൽ പങ്കാളിയാകുന്നുവെന്നറിയിച്ച് ഫേസ്‌ബുക്കിലൂടെ പിന്തുണയറിയിച്ചത്.ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തു കൊണ്ടാണെന്നായിരുന്നു പി.സി ജോർജിന്റെ ചോദ്യം.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല. പീഡനം നടന്ന ദിവസം തന്നെ അവർ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയിൽ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോർജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ അവർ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോർജിന്റെ പരാമർശം.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോർജ് പറഞ്ഞിരുന്നു.അതേ സമയം തങ്ങൾക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ പി.സി ജോർജ് എംഎ‍ൽഎയ്‌ക്കെതിരെ പരാതി കൊടുക്കുമെന്ന് കന്യാസ്ത്രീകൾ ഇന്ന് പ്രതികരിച്ചിരുന്നു.

ഇരയായ സ്ത്രീകളോട് കാണിക്കേണ്ട മര്യാദ പാലിക്കാതെ പി.സി ജോർജ് നടത്തിയ പരാമർശം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമർശങ്ങൾ നിയമസഭാ സാമാജികർ നടത്തുന്നതു കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു'. ജോർജിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞിരുന്നു.