തിരുവനന്തപുരം: ചാനലുകളിലെ കോമഡി, മിമിക്രി പരിപാടികളിലും സിനിമകളിലും കറുത്തവരെ അവഹേളിക്കുന്ന പരാമർശങ്ങൾ വർദ്ധിച്ചു വരുന്നതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. കറുത്ത ശരീരങ്ങളെ അവഹേളിക്കുന്നതും വംശീയാധിക്ഷേപങ്ങൾ നടത്തുന്നതുമായ കോമഡി പ്രോഗ്രാമുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ പ്രചരണം ആരംഭിച്ചു. ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾക്കെതിരേ നിയമനടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സ്റ്റോപ്പ് മീഡിയ വയലൻസ് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള ആവശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. അടുത്തകാലത്ത് പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു, അമർ അക്‌ബർ അന്തോണി എന്നീ ചിത്രങ്ങളിലെ വംശീയാധിക്ഷേപം വ്യക്തമാക്കുന്ന തമാശകൾ സോഷ്യൽ മീഡിയ ചർച്ച ചെയതിരുന്നു. ചാനൽ പരിപാടികളിൽ കറുത്ത നിറമുള്ളവരെ അധിക്ഷേപിച്ചുകൊണ്ട് തമാശകൾ സൃഷ്ടിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നതും പ്രതിഷേധത്തിന് കാരണമായി.

കറുത്തവർ ആധുനിക വസ്ത്രം ധരിക്കുന്നതും ഇംഗ്ലീഷ് പറയുന്നതും വിദ്യാഭ്യാസം തേടുന്നതും അവർക്ക് ഇതിനൊന്നും യോജിക്കില്ല, അല്ലെങ്കിൽ കഴിവില്ല എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് തമാശയാക്കപ്പെടുന്നത്. വിദ്യാഭ്യാസവും ഫാഷൻ സങ്കൽപങ്ങളും ചിലർക്കു മാത്രം യോജിച്ചതാണ് എന്ന ധാരണയ്ക്ക് പൊതുസമ്മതിയുണ്ടെന്നും അതിനു തെളിവാണ് ഇംഗ്ലീഷ് സംസാരിക്കുന്ന കറുത്ത യുവതി കോമാളിയായി ചിത്രീകരിക്കപ്പെടുന്നതെന്നും പേജ് മഴവിൽ മനോരമയിൽ പ്രത്യക്ഷപ്പെട്ട കോമഡി സ്‌കിറ്റിനേക്കുറിച്ച് പറയുന്നു.

വെളുത്തവർക്കൊപ്പം കറുത്ത ചായം പൂശി ഇരിക്കുന്നവരെ കരിങ്കുരങ്ങെന്നും നീഗ്രോയെന്നും ആക്ഷേപിച്ച് കോമഡിയുണ്ടാക്കുന്നത് വംശീയാധിക്ഷേപ മനോനിലയാണ് വ്യക്തമാക്കുന്നത്. ഇത്തരം അധിക്ഷേപങ്ങൾ പ്രത്യക്ഷപ്പെടുന്ന പരിപാടികളുടെ ചിത്രങ്ങളും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ലെന്ന പ്രചാരണമാണ് മുഖ്യമായും നടക്കുന്നത്.