- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം: ഹൈക്കോടതി വിധി സച്ചാർ, പാലോളി കമ്മിറ്റി ശുപാർശകൾ പരിഗണിക്കാതെ എന്ന് കാംപസ് ഫ്രണ്ട്
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സച്ചാർ, പാലോളി കമ്മിറ്റി ശുപാർശകളുടെ ഉള്ളടക്കം പരിശോധിക്കാതെയെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷാൻ പ്രസ്താവിച്ചു. ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹികവും സാമ്പത്തികവും സ്വത്വപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ പഠനം നടത്തി 2006 ൽ ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് മുസ്ലിംകൾ നേരിടുന്ന പ്രാതിനിധ്യക്കുറവിനെ സംബന്ധിച്ച് വ്യക്തമായി വിവരിക്കുന്നതായിരുന്നു.
സച്ചാർ കമ്മിറ്റി റിപോർട്ടിലെ വസ്തുതകൾ പരിഗണിച്ച് 2008ൽ കേരള സർക്കാർ സംസ്ഥാനത്തെ മുസ്ലിംകൾക്ക് വേണ്ടി ക്ഷേമപദ്ധതി നടപ്പിലാക്കുന്നതിനായി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ ഒരു സമിതി രൂപീകരിക്കുകയും സമിതിയുടെ ശുപാർശയനുസരിച്ച് വിവിധ ക്ഷേമപദ്ധതികൾ മുസ്ലിംകൾക്കായി കൊണ്ടുവരുകയുമാണ് ചെയ്തിരുന്നത്.
എന്നാൽ തുടക്കത്തിൽ മുസ്ലിംകൾക്ക് വേണ്ടി മാത്രം ആരംഭിച്ച ക്ഷേമ പദ്ധതികളിലേക്ക് പിന്നീട് 20 ശതമാനം വിഹിതം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ അവസാന കാലത്ത് 2011 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിലൂടെ ക്രിസ്ത്യൻ പിന്നോക്ക വിഭാഗങ്ങൾക്ക് നൽകുകയായിരുന്നു. എന്നാൽ സർക്കാർ ഈ പശ്ചാത്തലം കോടതിയിൽ വിശദീകരിക്കുന്നതിലും ഇടത് സർക്കാർ തന്നെ നടപ്പിലാക്കിയ ഒരു പദ്ധതിയെ സംരക്ഷിക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണ്.
തുടക്കത്തിൽ തന്നെ സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ 80:20 അനുപാതത്തതിനെതിരേ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ടപ്പോഴും സർക്കാർ പദ്ധതിയെപ്പറ്റി വിശദീകരിക്കാൻ തയ്യാറാവാതെ കുറ്റകരമായ മൗനം അവലംബിക്കുകയാണുണ്ടായത്. സർക്കാരിന്റെ കാര്യക്ഷമമല്ലാത്ത ഇടപെടൽ കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നത് തീർച്ചയാണ്. കോടതിയാവട്ടെ മുസ്ലിം പിന്നാക്കാവസ്ഥയെ പറ്റി പഠിക്കാതെയും മുൻകാല റിപ്പോർട്ടുകൾ പരിശോധിക്കാതെയുമാണ് വിധിപുറപ്പെടുവിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ കോടതി വിധി നീതിപൂർവമല്ല. ജനസംഖ്യാനുപാതികമായ പ്രതിനിധ്യമാണ് കോടതി ഉദ്ദേശിക്കുന്നതെങ്കിൽ ന്യൂനപക്ഷ വിഷയങ്ങൾക്ക് പുറമെയുള്ള ഇതര വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിൽ കൂടി ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കൊണ്ടുവന്നുകൊണ്ട് തുല്യ നീതി നടപ്പിലാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.
മറുനാടന് മലയാളി ബ്യൂറോ