ജീവിത ശൈലിയിലെ മാറ്റം കൊണ്ട് 90 ശതമാനത്തോളം കാൻസറിനെയും അകറ്റിനിർത്താനാവുമെന്ന് പഠന റിപ്പോർട്ട്. ജീവിതശൈലിയിലെ മാറ്റമാണ് ജനിതക തകരാറുകളല്ല ഭൂരിപക്ഷം കാൻസറിന് കാരണമെന്നും ഗവേഷകർ പറയുന്നു. ഭക്ഷണം, സൂര്യപ്രകാശം, പുകവലി, മറ്റു രോഗങ്ങൾ എന്നിവയാണ് കാൻസർ വരാനുള്ള സാധ്യതയെ നിർണയിക്കുന്നതെന്നാണ് അവരുടെ പക്ഷം.

പുകവലിക്കാതിരിക്കുക, ശരീരഭാരം കൃത്യമായി സൂക്ഷിക്കുക, നല്ല ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, മദ്യപാനം കുറയ്ക്കുക, സൂര്യപ്രകാശമേൽക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുകയാണെങ്കൽ രോഗസാധ്യത വളരെയധികം കുറയ്ക്കാനാകുമെന്ന് യു.കെ. കാൻസർ റിസർച്ചിലെ ഡോ. സ്മിത്ത് പറയുന്നു.

ഡോ.സ്മിത്തിന്റെ കണ്ടെത്തലിൽ അസാധാരണമായൊന്നുമില്ലെങ്കിലും, കാൻസർ ഗവേഷണത്തിൽ വലിയ വഴിത്തിരിവുണ്ടാക്കുന്നതാണിത്. നമ്മുടെ ചെയ്തികൾകൊണ്ട് കാൻസറിന് എത്ര സാധ്യതയുണ്ടെന്ന കാര്യത്തിലും ജനിതകമായ കാരണങ്ങൾ കൊണ്ട് രോഗം വരാനുള്ള സാധ്യതയെത്രയെന്നുമുള്ള ചർച്ചയ്ക്ക് ഇത് പുതിയ ദിശാബോധം നൽകും.

ഡി.എൻ.എയിലെ തകരാറുമൂലമാണ് കാൻസർ സാധ്യത കൂടുന്നതെന്ന് മുമ്പൊരു ഗവേഷണ ഫലം വന്നിട്ടുണ്ട്. അതിനെ നിരാകരിക്കുന്നതാണ് സ്മിത്തിന്റെ കണ്ടെത്തൽ. നിർഭാഗ്യമെന്ന് കരുതിയിരുന്ന കാൻസർ ബാധയെ ഒഴിവാക്കാവുന്നത് എന്ന ഗണത്തിലേക്ക് കൊണ്ടുവരികയാണ് പുതിയ ഗവേഷണഫലം.

രോഗബാധ ഉണ്ടാകുന്നതിൽ ഭാഗ്യത്തിന് വലിയ റോളുണ്ടെങ്കിലും, അതിനെക്കാളാറേ നമ്മളുടെ ചെയ്തികൾ കാരണമാകുന്നുണ്ടെന്ന് തെളിഞ്ഞതായി അമേരിക്കയിലെ സ്‌റ്റോണി ബ്രൂക്ക് സർവകലാശാലയിലെ ഡോ. യൂസഫ് ഹാനൂൺ പറഞ്ഞു. ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ രോഗം വരാതിരിക്കാനുള്ള സാധ്യ കൂടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.