- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ഒറ്റപ്പെടുമോ? പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തീർത്തു പറഞ്ഞ് തൃണമൂൽ കോൺഗ്രസ്; യുപിഎയിലെ മറ്റു പാർട്ടികളുമായി സഹകരിക്കാൻ നീക്കം; മോദിയെ എതിർക്കാൻ സ്വയം പ്രഖ്യാപിത നേതാവായി മമത കച്ചമുറുക്കുമ്പോൾ കോൺഗ്രസ് പടിക്ക് പുറത്താകുന്നു
കൊൽക്കത്ത: ദേശീയ തലത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമാകുന്നു എന്ന ആശങ്ക ശക്തമകുന്നു. നരേന്ദ്ര മോദിക്കെതിരെ ദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാൻ മമത ബാനർജി തയ്യാറെടുക്കുമ്പോഴാണ് കോൺഗ്രസിന് കൂടുതൽ തിരിച്ചടി ഭയം നേരിടുന്നത്. പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ മോദി സർക്കാറിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ പോരടിക്കാൻ തയ്യാറെടുക്കുമ്പോഴാണ് തൃണമൂൽ കോൺഗ്രസ് കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കുന്ന നിലപാടുമായി രംഗത്തുവന്നത്.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂലിന് താൽപര്യമില്ലെന്ന് മുതിർന്ന പാർട്ടി നേതാവിനെ ഉദ്ധരിച്ച് ആണ് ഇത് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പൊതുജന താൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായുള്ള സഹകരണം തുടരുമെന്നും തൃണമൂൽ നേതാവ് വ്യക്തമാക്കി. യുപിഎയിലെ മറ്റു കക്ഷികളുമായി സഹകരിക്കാൻ തൃണമൂൽ കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ കോൺഗ്രസിന് അത് വലിയ തിരിച്ചടിയായേക്കാം.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ 29ന് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തൃണമൂൽ പങ്കെടുത്തേക്കില്ല. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് ഖാർഗെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ സഹകരിക്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കിയത്.
കോൺഗ്രസ് സ്വന്തം പാർട്ടിക്കുള്ളിൽ കൂട്ടായ്മയുണ്ടാക്കിയ ശേഷം മറ്റു പാർട്ടികളുമായി കൂട്ടായ്മക്ക് ശ്രമിച്ചാൽ മതിയെന്ന് തൃണമൂൽ നേതാവ് പറഞ്ഞു. 'ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. സ്വന്തം നേതാക്കൾക്കിടയിൽ ഐക്യമുണ്ടാക്കാനാണ് കോൺഗ്രസ് ആദ്യം ശ്രമിക്കേണ്ടത്. കോൺഗ്രസ് വിളിച്ചുചേർക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മിക്കവാറും ഞങ്ങൾ പങ്കെടുക്കാൻ സാധ്യതയില്ല'-അദ്ദേഹം പറഞ്ഞു.
നവംബർ 29ന് ഡൽഹിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ തൃണമൂൽ എംപിമാരുടെ യോഗം ചേരും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. പ്രശാന്ത് കിഷോറാണ് മമത ബാനർജിക്ക് വേണ്ടി ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ പയറ്റുന്നത്. മോദി- ഷാ കൂട്ടുകെട്ടിനെ തോൽപ്പിച്ച നേതാവെന്ന പരിവേഷമാണ് മമതയ്ക്കുള്ളത്. ഇത് ദേശീയ തലത്തിൽ തൃണമൂലിന്റെ സഖ്യ നീക്കങ്ങൾക്ക് കൂടുതൽ ഗുണകരമായി മാറുകയും ചെയ്യും.
രാഹുൽ ഗാന്ധിയുമായി സഹകരിക്കാൻ തയ്യാറായെങ്കിലും അതിന് മുതിർന്ന നേതാക്കൾ തടസ്സമായതോടെ കോൺഗ്രസ് പാളയം വിട്ടു പ്രശാന്ത് കിഷോർ. കോൺഗ്രസുമായി ഉടക്കി പിരിഞ്ഞ കിഷോർ ഇപ്പോൾ കോൺഗ്രസിന് തന്നെ വൻ ഭീഷണി ആയിരിക്കയാണ്. മമത ബാനർജിയെ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് പ്രശാന്ത് നടത്തുന്നത്. അതിന്റെ ഫലങ്ങളും പുറത്തുവന്നു തുടങ്ങി. തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങളുമായി പ്രശാന്ത് കിഷോർ മുന്നോട്ടു പോകുമ്പോൾ അടിതെറ്റുന്നത് കോൺഗ്രസിനാണ്. ഇതിന്റെ സൂചനയാണ മേഘാലയയിൽ നിന്നും പുറത്തുവന്നത്. മേഘാലയയിൽ പേരിന് ഒരു പഞ്ചായത്ത് മെമ്പർ പോലും സ്വന്തമായി ഇല്ലാതിരുന്ന തൃണമൂൽ കോൺഗ്രസ് ഒറ്റ രാത്രിക്കൊണ്ട് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടി ആയി മാറിയ അത്ഭുതത്തിന് പിന്നിൽ പ്രശാന്ത് കിഷോറാണ്.
കോൺഗ്രസിന്റെ 12 എംഎൽഎമാരാണ് തൃണമൂലിൽ ചേർന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് കോൺഗ്രസിന് എടുത്ത് പറയാൻ കഴിയുന്ന ഏക പേരായിരുന്നു മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടേത്. അദ്ദേഹമടക്കമാണ് പാർട്ടി വിട്ടത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസിന് ചൂണ്ടിക്കാട്ടാൻ ഒരു നേതാവ് പോലും ഇല്ലാതെയായി. ദേശീയ തലത്തിൽ മമതാ ബാനർജി നടത്തിവരുന്ന രാഷ്ട്രീയ നീക്കങ്ങളിൽ അദ്ദേഹം ആകൃഷ്ടനായതാണ് വിവരം. പ്രശാന്ത് കിഷോറും ഒപ്പംകൂടി. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും മെഘാലയയിൽ വെച്ചും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി പ്രശാന്ത് കിഷോറിന്റെ ഐപിഎസി സംഘം മെഘാലയയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചുവരുന്നുണ്ടായിരുന്നു. ഒടുവിൽ കോൺഗ്രസിനോട് ടാറ്റ പറയാൻ തന്നെ സാങ്മ തീരുമാനിച്ചു. ഒപ്പം ഡസൻ എംഎൽഎമാരും കൂടെ വന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ പാർട്ടിയിലെത്തിക്കുന്ന തിരക്കിലാണ് തൃണമൂൽ കോൺഗ്രസ്. ഡൽഹിയിലെത്തിയാൽ സ്ഥിരമായി സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്ന മമതാ ബാനർജി ഇത്തവണ കൂടിക്കാഴ്ച ഒഴിവാക്കിയതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ