ന്യൂഡൽഹി: യുപി തിരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയം ബിജെപിയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻപന്തിയിൽ എത്തിച്ചെങ്കിലും ഈ ഫലം രാജ്യസഭയിൽ പ്രതിഫലിക്കില്ല. രാജ്യസഭയിലെ അംഗബലം ഉയർത്താൻ ഇനിയും ഒരു വർഷമെങ്കിലും വേണമെന്നിരിക്കേ പ്രതിപക്ഷത്തെ ആശ്രയിക്കേണ്ട അവസ്ഥ ഇപ്പോഴും തുടരുമെന്നാണ് അറിയുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ എൻഡിഎക്ക് സാധിക്കില്ല.

2014-ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്താൻ ബിജെപിക്കു കഴിഞ്ഞെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാതിരുന്നത് അവർക്കു തിരിച്ചടിയായി. പ്രധാനപ്പെട്ട പല ബില്ലുകളും പാസാക്കാൻ പ്രതിപക്ഷത്തെ ആശ്രയിക്കേണ്ടിവരുന്നത് ചില്ലറ പ്രശ്നങ്ങളല്ല മോദിക്കും കൂട്ടർക്കും ഉണ്ടാക്കുന്നത്. 250 അംഗ രാജ്യസഭയിൽ 79 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്. ബിജെപിക്ക് 56 രാജ്യസഭാംഗങ്ങളും കോൺഗ്രസിന് 59 എംപിമാരുമാണുള്ളത്. ഭൂരിപക്ഷത്തിനായി 126 സീറ്റുകൾ വേണം. ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ രാജ്യസഭയിലേക്കെത്തിക്കുന്നത് യുപിയിൽ നിന്നാണ്- 31 അംഗങ്ങൾ.

ഇതിൽ സമാജ്വാദി പാർട്ടിക്കു 18- ഉം ബിഎസ്‌പിക്ക് ആറും കോൺഗ്രസിനും ബിജെപിക്കും മൂന്നു വീതം അംഗങ്ങളുമാണ് ഇപ്പോഴുള്ളത്. രാജ്യസഭാംഗങ്ങളുടെ കാലാവധി ആറുവർഷമായതിനാൽ 2018-ൽ ഉത്തർപ്രദേശിൽനിന്നുള്ള പത്തു സീറ്റുകളിൽ ഒഴിവുവരും. എന്നാൽ, അതുവരെയുള്ള കാത്തിരിപ്പാണ് മോദിയെ വലയ്ക്കുക. ഓരോ അംഗത്തിനും ജയിക്കാൻ 34 വോട്ടുകൾ വേണ്ട സാഹചര്യത്തിൽ ഇപ്പോഴത്തെ ചരിത്ര വിജയത്തോടെ ഇതിൽ എട്ടു രാജ്യസഭാ സീറ്റുകളും സ്വന്തമാക്കാൻ ബിജെപിക്കു കഴിയുമെന്ന് ഉറപ്പായി. ഗോവയിലെ ഒരു സീറ്റ് ഈ വർഷം ജൂലൈയിലും ഉത്തരാഖണ്ഡിലെ ഒരു സീറ്റ് അടുത്ത വർഷവും ഒഴിയും. ഗുജറാത്തിൽ മൂന്നു സീറ്റും പശ്ചിമബംഗാളിൽ ആറു സീറ്റും ഈ വർഷം ഒഴിയുമെങ്കിലും ഇപ്പോഴത്തെ നിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല.

അതേസമയം, അടുത്ത വർഷം എല്ലാ സംസ്ഥാനങ്ങളിലുമായി 68 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവു വരുന്നത്. ഇതിൽ 58 എണ്ണം 2018 ഏപ്രിലിൽ റിപ്പോർട്ട് ചെയ്യും. പത്തെണ്ണം യുപിയിലും ഒരെണ്ണം ഉത്തരാഖണ്ഡിലുമാണ്. ഒഴിവു വരുന്ന മറ്റു സംസ്ഥാനങ്ങളായ ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ ബിജെപിക്കു ഭൂരിപക്ഷം ഉള്ളതിനാൽ രാജ്യസഭയിലെ അംഗസംഖ്യ 75 ആയി ഉയർത്താൻ പാർട്ടിക്കു കഴിയും. സച്ചിൻ തെൻഡുൽക്കർ, സിനിമാ താരം രേഖ എന്നിവരുൾപ്പെടെ നാലു നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധിയും 2018 ഏപ്രിലിൽ അവസാനിക്കും. ഇതും ബിജെപിക്കു സ്വന്തമാക്കാൻ കഴിയും. എങ്കിൽപ്പോലും ഭൂരിപക്ഷത്തിനു വേണ്ട 126 എന്ന സംഖ്യയിലേക്കെത്താൻ ബിജെപിക്കു പിന്നെയും കാത്തിരിക്കേണ്ടിവരും.

അതേസമയം ഈ വർഷം ജൂണിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ബിജെപിക്കു തുണയാകും. എംപിമാർക്കും എംഎൽഎമാർക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയും. 2014 ലോക്സഭാ തിരിഞ്ഞെടുപ്പിലെ വലിയ വിജയവും തുടർന്നു മഹാരാഷ്ട്ര, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരിഞ്ഞെടുപ്പിൽ കാഴ്ചവച്ച മെച്ചപ്പെട്ട പ്രകടനവും ബിജെപിക്കു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മേൽക്കൈ നൽകും.

പ്രസിഡന്റ് തിരിഞ്ഞെടുപ്പിൽ 776 ലോക്സഭാ, രാജ്യസഭാ എംപിമാരും 4120 എംഎൽഎമാരുമാണ് വോട്ട് ചെയ്യുന്നത്. എംപിമാരുടെ വോട്ടിന്റെ മൂല്യം ഒരുപോലെയാണെങ്കിലും എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം സംസ്ഥാനങ്ങളിലെ ജനസംഖ്യക്ക് ആനുപാതികമായി വ്യത്യസ്തമായിരിക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിക്ക് 282 ലോക്സഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലായി 1126 എംഎൽഎമാരുമാണുള്ളത്. അതേസമയം കോൺഗ്രസിന് 44 എംപിമാരും 900 എംഎൽഎമാരുമാണുള്ളത്.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗുജറാത്തിൽനിന്നുള്ള നാല് രാജ്യസഭാ എംപിമാരുടെയും ഹിമാചലിൽനിന്നുള്ള ഒരു എംപിയുടെയും കാലാവധി അടുത്ത വർഷം അവസാനിക്കും. ഇവിടുത്തെ നിയമസഭാ തിരിഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ബിജെപിക്കു കഴിഞ്ഞാൽ രാജ്യസഭയിലേക്കു കൂടുതൽ എംപിമാരെ അയയ്ക്കാൻ പാർട്ടിക്കു സാധിക്കും. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും അടുത്തവർഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.