ടൊറന്റോ: കാനഡ ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു 14 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.

ടിസ്ഡേലിന് സമീപം താരങ്ങൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോൾട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 28 പേർ ബസിൽ ഉണ്ടായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം. ടൂർണമെന്റിൽ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയിൽ പ്രായമുള്ളവരാണ്.

പരുക്കേറ്റ ബാക്കി 14 താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരങ്ങളുടെ കുടുംബത്തെ അറിയിച്ചതായും കുടുംബാംഗങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടതായും ടീം പ്രസിഡന്റ് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ നടുക്കം രേഖപ്പെടുത്തി ആരാധകർ സോഷ്യൽമീഡിയയിൽ പോസ്റ്റുകളിട്ടു. അപകടത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അനുശോചിച്ചു.