ബ്രാംപ്ടൻ (കാനഡ ): കാനഡയിലെ പ്രവാസി മലയാളികളുടെ മനസിൽ ആവേശത്തിരയിളക്കി 12-ാ മത് കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20ന് കാനഡയിലെ ബ്രാംപ്ടനിലുള്ള പ്രൊഫസർസ് ലേകിൽ നടക്കും.

പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ വിദേശത്തു നടക്കുന്ന വള്ളംകളി മത്സരമാണിത്. കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടൻ നഗരത്തെ ഉത്സവ ലഹരിയിലാഴ്‌ത്തിയിരിക്കുകയാണ് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൗഡിയും കോർത്തിണക്കിയ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി. പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങൾ പ്രസിഡന്റ് കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ സംഘാടകർ വിലയിരുത്തി.

2009-ൽ ഓണക്കാലത്തു മലയാളികളെ മാത്രം ഉൾകൊള്ളിച്ചു തുടങ്ങിയ മത്സരം ആയിരുന്നുവെങ്കിൽ 2022-ൽ എത്തുമ്പോൾ കനേഡിയൻ പൊലീസ് , കനേഡിയൻ ഫയർ ഫോഴ്സ് , അമേരിക്കൻ ടീമുകൾ, പഞ്ചാബി ടീമുകൾ തുടങ്ങി നാനാ മേഖലയിൽ നിന്നുള്ളവർ മാറ്റുരയ്ക്കുന്ന മത്സരമായി ഇത് വളർന്നിട്ടുണ്ട്.

പത്മശ്രീ എം.എ യുസുഫ്അലി ( ചെയർമാൻ, ലുലു ഗ്രൂപ്പ് ) സൂ മീറ്റ് വഴി ഓഗസ്റ്റ് 15ന് ബ്രാംപ്ടൺ ബോട്ട് റേസ് പതാക ഫ്‌ളാഗ് ഓഫ് ചെയ്തു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ , ആലപ്പുഴ എംപി എ.എം ആരിഫ് , മേജർ രവി എന്നിവർ പങ്കെടുത്തു.