ടൊറന്റോ:   യുവതിയെ പീഡിപ്പിച്ചു മുങ്ങിയ ഇന്ത്യൻ വംശജനെ പിടികൂടാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അമൃത്പാൽ എന്നുപേരുള്ള 26 നും 30 നും ഇടയിൽ പ്രായമുള്ള യുവാവാണ് അക്രമി എന്ന് കാബ് സർവ്വീസ് കമ്പനി വ്യക്തമാക്കി. കറുത്ത കുറ്റി മുടിയാണ് ഇയാൾക്കുള്ളത് എന്നാണ് റിപ്പോർട്ടുകൾ.

യൂബർ ടാക്‌സി ഡ്രൈവറായ ഇയാൾ 25 വയസുള്ള യുവതിയെ  ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ടൊറന്റോ എലിങ്ടൺ അവന്യൂ മേഖലയിൽ നിന്ന് അമൃത്പാലിന്റെ ടാക്‌സിയിൽ ലോറൻസ് അവന്യൂവിലേക്ക് യാത്ര ചെയ്യവേയാണ് പീഡനം നടന്നതെന്നാണ് യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. രാത്രി ഒരുമണിയോടെയാണ് യുവതിയെ ഇയാൾ കാബിലിട്ട് പീഡിപ്പിച്ചത്.

പീഡനത്തെ തുടർന്ന് യുവതിക്ക് നിസാര പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം ഉടൻ തന്നെ ഇവർ ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. യൂബർ ടാക്‌സി ഡ്രൈവർ ഒരു പീഡനക്കേസിൽ ഉൾപ്പെടുന്നത് ഇതാദ്യമായാണെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും യൂബറിന്റെ ഔദ്യോഗിക വക്താവ് സേവ്യർ വാൻ ചാഉ പറഞ്ഞു. ഇയാളെ ഉടൻ തന്നെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്‌തെന്ന്  ചാഉ വ്യക്തമാക്കി.