നീർച്ചാലിനരികെ നട്ടതും, യഥാകാലം ഫലം നൽകുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണീ എക്സാർക്കേറ്റ്. കനേഡിയൻ മണ്ണിൽ വേരുകൾ ഓടിതുടങ്ങിയ സീറോ മലബാർ സംസ്‌കാരം. കുടിയേറ്റം ക്രിസ്തീയ സഭകൾക്കെല്ലാം തന്നെ പൈതൃകമാണ്. ഇന്ന് ലോകമെമ്പാടും ചിറക് വിരിച്ച് തണൽ നൽകുന്ന സീറോ മലബാർ സഭ അതിന്റെ തനതായ രൂപത്തിലും, ഭാവത്തിലും ദൈവസ്നേഹം പകരുകയാണ് ഈ മണ്ണിൽ, ഇവിടുത്തെ എക്സാർക്കേറ്റിന്റെ കീഴിൽ. എല്ലാറ്റിനും ചുക്കാൻ പിടിക്കുന്ന ബിഷപ് മാർ ജോസ് കല്ലുവേലിൽ വിനയപൂർവം പറയുന്നു ''എല്ലാം ദൈവമഹത്വത്തിന്''.

സെപ്റ്റംബർ 19, 2018, കാനഡയിലെ സീറോ മലബാർ എക്സാർക്കേറ്റ് മൂന്ന് വർഷം പൂർത്തിയാക്കി നാലാം വർഷത്തിലേക്ക്. 1967 ആരംഭിച്ച വിശ്വാസികളുടെ കുടിയേറ്റം 2015ൽ രണ്ട് വൈദികർ മാത്രമുള്ള എക്സാർക്കേറ്റായി രൂപം പ്രാപിച്ചു. ഒന്നും ഇല്ലായ്മയിൽനിന്നുള്ള ആ തുടക്കം. ഇന്ന് പതിനയ്യായിരത്തിൽപരം വിശ്വാസികൾക്ക് ഊർജവും, ആത്മീയനിറവും പകരുന്നു. എക്സാർക്കേറ്റിന് വേണ്ടി നിയമിതനായ ബിഷപ് മാർ ജോസ് കല്ലുവേലിൽ പൂർണമായും ജനപങ്കാളിത്തത്തോടെ ഇവിടുത്തെ ദൈവജനത്തെ വിജയകരമായ് മുന്നോട്ട് നയിക്കുകയാണ്. വ്യക്തമായ കർമപദ്ധതികളിലൂടെ ശക്തമായ ആത്മീയ അടിത്തറ കെട്ടിപ്പെടുക്കുവാൻ അക്ഷീണപരിശ്രമം നടത്തുന്നു. ക്രിസ്തുവിൽ കേന്ദ്രീകൃതമായ്, സീറോ മലബാർ സംസ്‌കാരത്തിൽ ഊന്നി, സമൂഹത്തിന്റെ നന്മയ്ക്കായ് പ്രവർത്തിക്കാൻ ഉതകുന്ന ഇടവകകളും, കൊച്ച്, കൊച്ച് മിഷൻ സെന്റേഴ്സും ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.

ശൂന്യതയിൽ നിന്നെന്നപോലെ, ഒന്നും ഇല്ലായ്മയിൽനിന്ന് എക്സാർക്കേറ്റ് ഇന്ന് ഇരുപത്തിയഞ്ച് വൈദികരും, പന്ത്രണ്ട് സിസ്റ്റേഴ്സും, ആറ് വൈദികവിദ്യാർത്ഥികളും, സ്വന്തമായ് നാല് പള്ളികളും, 50 മിഷൻ സെന്റേഴ്സും ഉള്ള ശക്തമായ അടിത്തറയിലേക്ക് ചുരുങ്ങിയ മൂന്ന് വർഷത്തിൽ ഉയർന്നിരിക്കയാണ്.

ദൈവ പരിപാലനയെ ശക്തിപ്പെടുത്തുകവഴി വിവിധ സ്ഥലങ്ങളിൽ കഴിയുന്ന വിശ്വാസസമൂഹത്തെ ഒന്നിപ്പിക്കാനും, ക്രിസ്തുവിൽ കേന്ദ്രീകരിച്ച് പുനർജീവിപ്പിക്കാനും സാധിച്ചത് എക്സാർക്കേറ്റിന്റെ വ ലിയ നേട്ടമായ്. അങ്ങനെ വ്യക്തികൾ, കുടുംബങ്ങൾ, ഇടവകകൾ കൈകോർത്ത് ഉയർച്ചയുടെ പടവുകൾ കയറുന്ന കൂട്ടായ്മയായ് മാറി.

എക്സാർക്കേറ്റിന്റെ വിജയകരമായ പ്രവർത്തനത്തിനായ് കല്ലുവേലിൽ പിതാവിന്റെ നേതൃത്വത്തിൽ ശക്തവും, സുരക്ഷിതവും ആയ ഭരണസമിതി പ്രവർത്തനം ആരംഭിച്ചു. എക്സാർക്കേറ്റിന്റെ സുഗമമായ നടത്തിപ്പിനായ് ഇതിനെ ഈസ്റ്റും, വെസ്റ്റും റീജിയണുകളായ് തിരിച്ചു. ഓരോ റീജിയണും ബിഷപ്പിന്റെ മേൽനോട്ടത്തിൽ വികാരി ജനറാൾമാർ, ക്യൂറിയ, കോളജ് ഓഫ് കൺസൾട്ടേഷൻ, ഫിനാൻസ് കൗൺസിൽ, പാസ്റ്ററൽ കൗൺസിൽ, മറ്റ് അസോസിയേഷൻസ്, കാര്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഇരുപതോളം ഡിപ്പാർട്ട്മെന്റുകളാണ് ഓരോ മേഖലയിലും വിശ്വാസികൾക്ക് കരുത്ത് പകരാൻ ഉണർവോടെ പ്രവർത്തിക്കുന്നത്. വിശ്വാസസമൂഹത്തിലെ കൊച്ച് കുട്ടികൾ മുതൽ വാർധക്യത്തിൽ എത്തിയവർക്ക് വരെ അനുയോജ്യമായ കർമ്മ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ കർമപരിപാടിയുടെ ഭാഗമായ് കുടുംബങ്ങളേയും, കുടിയേറ്റക്കാരേയും, പഠനത്തിനായ് എത്തുന്നവരെയും, മുതിർന്നവരേയും കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് പ്രവർത്തനം ആരംഭിച്ചു. എക്സാർക്കേറ്റിന്റെ പ്രവർത്തനം ഇത്രമാത്രം വളർച്ചയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് നയിച്ച കല്ലുവേലിൽ പിതാവിന് അഭിനന്ദനങ്ങൾ.

വിശ്വാസം നൂറുമേനി വിളയിക്കാൻ, സീറോ മലബാർ ശൈലിയിലൂടെ ഈ മണ്ണിലെ മക്കളെ മുന്നോട്ട് നയിക്കാൻ നാലാം വയസിലേക്ക് കാലുകുത്തുന്ന എക്സാർക്കേറ്റിന്റെ കർമപരിപാടികളെ മൂന്ന് തരത്തിലാണ് തിരിച്ചിരിക്കുന്നത്. ആത്മീയം, സാമൂഹ്യം, സാമ്പത്തികം.

വരും വർഷങ്ങളിൽ ഇനിയും എത്തപ്പെടാത്ത സ്ഥലങ്ങളിലേക്ക് സേവനം നൽകി കൂടുതൽ ഉത്സാഹത്തോടെ ദൈവജനത്തെ സേവിക്കുക. അടിയുറപ്പുള്ള വിശ്വാസപരിശീലനവും, കൂദാശ സേവനവും കഴിയുന്ന ജനങ്ങളിലേക്ക് എത്തിക്കുക. എക്സാർക്കേറ്റിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക ഭദ്രത ദൈവജനത്തിന്റെ സഹകരണത്തോടെ കണ്ടെത്തുക. സാമൂഹികമായ് ദൈവജനം നേരിടുന്ന വെല്ലുവിളികളെ കൂട്ടായ്മയോടെ നേരിടുക. ആത്മീയ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ കൂടുതൽ ഊന്നൽ നൽകി വരും വർഷങ്ങളിൽ ദൈവരാജ്യത്തിന്റെ വേരുകൾ ശക്തിപ്രാപിച്ച് നൂറുമേനി വിളയിക്കുന്ന വിശ്വാസത്തിന്റെ കതിരുകളെ വർധിപ്പിച്ച് മുന്നേറുക. ഇത്തരത്തിൽ വിശ്വാസികളുടെ കുഞ്ഞുമക്കൾ, യുവജനങ്ങൾ, മാതാപിതാക്കൾ, വാർധക്യത്തിലെത്തിയവരുടെ ആവശ്യാനുസൃതം വേണ്ടുംവിധം കർമപരിപാടികൾ ക്രമീകരിച്ച് നടപ്പാക്കുക. എല്ലാ മിഷൻ സെന്റേഴ്സിനെയും കാനഡ റവന്യൂ ഏജൻസിയുടെ ചാരിറ്റബിൾ രജിസ്ട്രേഷൻ ലഭ്യമാക്കുക. മുടക്കം കൂടാതെ മതബോധനം, ആത്മീയ ശുശ്രൂഷകൾ, ബൈബിൾ കലോത്സവം, വിശ്വാസ ശാക്തീകരണം ആത്മീയ നേതൃത്വ പരിശീലനം, കൺവെൻഷൻ ക്രമീകരിക്കയും നടപ്പാക്കുകയും ചെയ്യുക - അങ്ങനെ വരും വർഷങ്ങളിൽ പ്രതീക്ഷയും, പ്രത്യാശയും ഉണർത്തുന്ന വിശ്വാസ കൂട്ടായ്മ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക. എല്ലാം ശക്തനും, കഠിനപരിശ്രമിയും ആയ കല്ലുവേലിൽ പിതാവിന്റെ നേതൃത്വത്തിലൂടെ പൂവണിയട്ടെ. സർവശക്തനായ ദൈവത്തിന് നന്ദി പറയാം.