ഒട്ടാവ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സസ്‌കാചവനിൽ രണ്ടിടത്തുണ്ടായ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരൻ അറസ്റ്റിലിട്ടുണ്ട്. സസ്‌കാചവനിലെ ലാലോചിൽ സ്‌കൂളിലും മറ്റൊരിടത്തുമാണ് വെടവയ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഡെനെ കമ്യൂണിറ്റി ഹൈസ്‌കൂളിൽ വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് വെടിവയ്പ് ഉണ്ടായത്. അക്രമിയുടെ സഹോദരങ്ങളും രണ്ട് അദ്ധ്യാപകരും ഒരു വിദ്യാർത്ഥിനിയുമാണ് കൊല്ലപ്പെട്ടത്.

കാൽനൂറ്റാണ്ടിനുള്ളിൽ കാനഡയിലുണ്ടായ ഏറ്റവും ദാരുണമായ വെടിവയ്പിനാണ് ലാ ലോഷ സാക്ഷ്യംവഹിച്ചത്. പ്രതിയുടെ പ്രായം പരിഗണിക്ക് കൂടുതൽ വിവരങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം അക്രമത്തിനു പിന്നിലുള്ള കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

വീട്ടിൽവച്ച് തന്റെ ഇളയ രണ്ട് സഹോദരങ്ങളെയും വെടിവച്ചശേഷമാണ് അക്രമി സ്‌കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെത്തിയ ഇയാൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

സസ്‌കാചവനിന് 600 കിലോമീറ്റർ വടക്ക് ഒറ്റപ്പെട്ട പ്രദേശമാണ് ലാ ലോഷെ. ഏകദേശം 3,000 ജനങ്ങൾമാത്രമാണ് വനാതിർത്തിയിലെ ഈ ഗ്രാമത്തിലുള്ളത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുള്ള സ്‌കൂളുകളും അടച്ചു.

1989 ഡിസംബർ ആറിനാണ് ഇതിനുമുമ്പ് ഏറ്റവും ദാരുണമായ സ്‌കൂൾ വെടിവയ്പിന് കാനഡ സാക്ഷ്യം വഹിച്ചത്. അന്ന് ഇരുപത്തഞ്ചുകാരനായ അക്രമി മോൺട്രിയോളിലെ പോളിടെക്‌നിക് സ്‌കൂളിൽ നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. പത്ത് പെൺകുട്ടികൾ ഉൾപ്പെടെയായിരുന്നു അത്. 2014ൽ ഏറ്റവും കൂടുതൽ ഗാർഹിക അതിക്രമങ്ങളുണ്ടായ സ്ഥലമാണ് കാനഡയിലെ സാസ്‌കാചവൻ പ്രവിശ്യയെന്നാണ് പൊലീസ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വിറ്റ്‌സർലൻഡിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുകയായിരുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.