ഒട്ടാവ: ഒട്ടേറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്ന ദയാവധത്തിന് അവസാനം കാനഡയിലും അനുമതിയായി. ഡോക്ടറുടെ സഹായത്തോടെ മരണത്തെ പുൽകുന്നത് നിയമാനുസൃതമാക്കിക്കൊണ്ടാണ് കാനഡ സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ദയാവധത്തിനെതിരേ 1993-ൽ കോടതി വിധി വന്നിരുന്നുവെങ്കിലും അതെല്ലാം കടത്തിവെട്ടിയാണ് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ദയാവധം നിയമപരമായിട്ടുള്ള ചില പാശ്ചാത്യരാജ്യങ്ങളുടെ ലിസ്റ്റിൽ കാനഡയും കയറിപ്പറ്റി.

മാരകമായ രോഗങ്ങൾ അലട്ടുന്നവർ (അതു ശാരീരികമായും മാനസികവുമായി രോഗമാവാം), രോഗങ്ങളിൽ നിന്ന് ഇനി വിമുക്തിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുന്നവർ തുടങ്ങിയവർക്ക് ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാം എന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരും.

മാരക രോഗം ബാധിച്ച് മരണം മുന്നിൽ കണ്ടുകൊണ്ട് കഴിഞ്ഞ രണ്ട് സ്ത്രീകൾ നൽകിയ ഹർജിയിന്മേലാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2011-ലാണ് ഗ്ലോറിയ ടെയ്‌ലർ മരിക്കാനുള്ള അനുവാദം തേടി കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എന്നാൽ ഇവർ പിന്നീട് രോഗം മൂർഛിച്ച് 2012-ൽ മരണത്തിനു കീഴടങ്ങി. കേ കാർട്ടർ എന്നുപേരുള്ള മറ്റൊരു സ്ത്രീയുടെ കുടുംബമാണ് രണ്ടാമത്തെ ഹർജിക്കാർ. രോഗം അലട്ടിയിരുന്ന കേ കാർട്ടർ തന്റെ ജീവിതം അവസാനിപ്പിക്കാൻ അവസാനം സ്വിറ്റ്‌സർലണ്ടിലേക്ക് പറക്കുകയായിരുന്നു.
1993-ൽ ദയാവധത്തെ എതിർത്തിരുന്ന കാനഡ സുപ്രിം കോടതി പിന്നീട് ഇതുസംബന്ധിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് കോടതിയിൽ ദയാവധം അനുകൂലിച്ചുകൊണ്ട് വിധിയായത്.