- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളപ്പിറവി ആഘോഷിച്ചു ഹാൾട്ടൻ മലയാളികൾ
ടൊറോന്റോ/കാനഡ:കോവിഡ് പ്രതിസന്ധികൾ നിറം കെടുത്തിയ കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് ശേഷം കാനഡയിലെ ഹാൽട്ടൻ മലയാളി അസ്സോസിയേഷൻ (HMA) ഒരുക്കിയ കേരളപ്പിറവി 2022 ഏവർക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. മിൽട്ടനിലെ സെയിന്റ് ഫ്രാൻസിസ് സേവ്യർ സെക്കൻഡറി സ്‌കൂളിൽ നവംബർ അഞ്ചിനായിരുന്നു പരിപാടി. നിലവിളക്കും നിറപറയും കഥകളിക്കാഴ്ചകളൂം നിറഞ്ഞ സ്‌കൂൾ അങ്കണം അതിഥികളിൽ ഗൃഹാതുരത്വം ഉണർത്തുന്നതായിരുന്നു. മലയാളി എന്ന വൈകാരികതയ്ക്കപ്പുറം വിവിധ അർത്ഥതലങ്ങളെ തൊട്ടുണർത്താൻ പരിപാടികൾക്ക് കഴിഞ്ഞു എന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം.
നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പ്രസിഡന്റ് ധീരജ് പോൾ, സെക്രട്ടറി ശ്രീജിത്ത് ശ്രീനിവാസൻ, വിശിഷ്ടാതിഥികളും പാർലമെന്റ് അംഗങ്ങളുമായ കെവിൻ വെബ്സ്റ്റർ, ഗാർനെറ്റ് ജെന്യൂസ്, പ്രധാന സ്‌പോൺസറായ മനോജ് കരാത്ത എന്നിവർ നിലവിളക്ക് തെളിച്ചുകൊണ്ടാണ് കേരളപ്പിറവി ആഘോഷങ്ങൾക്ക് തുടക്കമായത്.
ബർലിങ്ടണിലെ സ്വരമുദ്ര ഡാൻസ് അക്കാഡെമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണേശകൗത്വവും കുച്ചിപ്പുഡിയും കാണികളിൽ നാട്ടിലെ കലോത്സവത്തിന്റെ പ്രതീതിയുളവാക്കി. 'വാദ്യകല' അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ മാസ്മരികത ഒരു മേളക്കാഴ്ചയുടെ അപൂർവ വിസ്മയത്തിലേക്ക് കാണികളെ എത്തിച്ചു. 'ജനുവരി ബാൻഡിറ്റ്‌സു'കളുടെ കുഞ്ഞുകൈകൾ ഗിറ്റാറും ഡ്രംസും ഭദ്രമായി കൈകാര്യം ചെയ്തു. മുത്തശ്ശിക്കഥകളുടെ ചുരുളഴിച്ചുകൊണ്ട് മല്ലനും മാതേവനും കാണികളുടെ മനസ്സിലേയ്ക്ക് കുടിയേറി. വേഷങ്ങളിലും നൃത്തച്ചുവടുകളിലും വ്യത്യസ്ഥത പുലർത്തി, പ്രേക്ഷകരെ കൂടെക്കൂട്ടിയ 'ക്രേയ്സി ക്രൂ', 'ഡാൻസിങ് ദിവാസ്', 'പീക്കബൂ പീക്കിരീസ്' എന്നീ ടീമുകളുടെ പ്രകടനങ്ങളും കാണികൾക്ക് വേറിട്ട ഒരനുഭവമായി. അമ്മമാരും കുഞ്ഞുങ്ങളും ഒന്നിച്ചു ചുവടുവെച്ച 'മീ ആൻഡ് മിനി മീ' യും, സിനിമ നൃത്തരംഗങ്ങൾ കോർത്തിണക്കിയ 'ഓൾഡ് ഈസ് ഗോൾഡും' വേറിട്ട ഇനങ്ങളായിരുന്നു. 'ഡാസ്ലിങ് ഡാഫഡിൽസ്', 'പ്രവാഹ്' ടീമുകളുടെ സെമി ക്ലാസ്സിക്കൽ നൃത്തങ്ങൾ പരിപാടികൾക്ക് മാറ്റുകൂട്ടി. 'ഹാൽട്ടൻ ഹാർട്ട്ബീറ്റ്‌സ്', 'തരികിടാസ്', എന്നിവരുടെ തകർപ്പൻ പ്രകടനത്തിനുശേഷം HMAയുടെ ഗാനമേളയോടെ പരിപാടികൾ സമാപിച്ചു.
ആർ.ജെ. ലാലുവും മേഘ പുത്തൂരാനുമായിരുന്നു പരിപാടികളുടെ വിശദാംശങ്ങൾ രസച്ചരടുകളിൽ കോർത്തിണക്കി കാണികൾക്ക് മുമ്പിൽ പരിചയപ്പെടുത്തിയത്. കേരളപ്പിറവി മികച്ച ദൃശ്യവിസ്മയമാക്കി മാറ്റിയതിൽ രഞ്ജിത് ശ്രീകുമാറിനും കൂട്ടുകാർക്കും അഭിമാനിക്കാം.