ജാതിമത കക്ഷിരാഷ്ട്രീയഭേദമന്യേ കാനഡയിലെ മലയാളികളുടെ ഒത്തൊരുമയായ കനേഡിയൻ മലയാളി കമ്മ്യൂണിറ്റി കാനഡയിലെ മലയാളി സുഹൃത്തുക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷം വൻ വിജയമായിരുന്നു .

ഓഗസ്റ്റ് മാസം 19 ആം തീയതി ബ്രാംപ്ട്ടനിലെ എൽദോറാഡോ പാർക്കിൽ വച്ച് നടത്തിയ വിപുലമായ ഓണാഘോഷവും വിഭവസമൃദ്ധമായ ഓണസദ്യയും തികച്ചും സൗജന്യമായിട്ടാണ് കാനഡയിലെ എല്ലാ മലയാളികൾക്കും വേണ്ടി സംഘാടകർ ഒരുക്കിയിരുന്നത്. പങ്കെടുത്ത എല്ലാവർക്കും ഓണസമ്മാനവും നൽകി .ഈ പരിപാടിയിൽ ഉടനീളം അതിഥിയായി കനേഡിയൻ പാർലമെന്റ് ഷാഡോ മിനിസ്റ്റർ Mr. Garnett Genuis പങ്കെടുത്തു. ഓണാഘോഷത്തിൽ പങ്കെടുത്ത ആളുകൾക്ക് മന്ത്രിയുമായി സംവദിക്കുവാൻ അവസരം സംഘാടകർ ഒരുക്കിയിരുന്നു.

കാനഡയിൽ താമസിക്കുന്ന മലയാളി സുഹൃത്തുക്കൾക്കും സ്റ്റുഡന്റ് വിസയിൽ പുതുതായി കാനഡയിലെത്തിയ മലയാളി വിദ്യാർത്ഥികൾക്കും വേണ്ടി സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ വലയുന്ന ഈ വേളയിൽ ഇതുപോലെ സൗജന്യമായ ഒരു ഓണാഘോഷവും ഓണസദ്യയും മാതൃകാപരമായ തീരുമാനമാണ്.

കനേഡിയൻ മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ സംരംഭമായ ഈ ഓണാഘോഷത്തിനു 237ൽ പരം ആളുകൾ പങ്കെടുത്തു എന്നു സംഘാടകർ അറിയിച്ചു.കാനഡയിലെ മലയാളി കമ്മ്യൂണിറ്റി നടത്തിയ ഈ ഓണാഘോഷം വൻ വിജയമാക്കി തീർക്കുവാൻ സഹകരിച്ച സ്‌പോൺസർമാർക്കും നല്ലവരായ മലയാളി സുഹൃത്തുക്കൾക്കും സംഘാടകർ നന്ദി അറിയിച്ചു.