ഒട്ടാവ: കനേഡിയൻ പ്രവിശ്യയായ സസ്‌കാച്ചെവാനിൽ രണ്ട് കമ്മ്യൂണിറ്റികളിലായി 13 സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തിൽ 10 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്.ജെയിംസ് സ്മിത്ത് ക്രീ നേഷനിലും സസ്‌കറ്റൂണിന്റെ വടക്കുകിഴക്കുള്ള വെൽഡൺ ഗ്രാമത്തിലുമായി ഞായറാഴ്ച വിവിധ സ്ഥലങ്ങളിൽ നടന്ന കത്തിക്കുത്തിൽ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

13 വ്യത്യസ്തമായ ഇടങ്ങളിലാണ് ആക്രമണമുണ്ടായത്. ജെയിംസ് സ്മിത്ത് ക്രീ നേഷനിലും സസ്‌കാറ്റൂണിന്റെ വടക്കുകിഴക്കുള്ള വെൽഡൺ ഗ്രാമത്തിലും ഉണ്ടായ അക്രമത്തിൽ 13 വ്യത്യസ്ത സ്ഥലങ്ങളിലായി 10 പേരെങ്കിലും മരിച്ചതായി സസ്‌കാച്ചെവൻ ആർസിഎംപി സ്ഥിരീകരിച്ചു.ആധുനിക കാനഡയിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായാണ് സസ്‌കാച്ചെവാനിലെ സംഭവം വിലയിരുത്തപ്പെടുന്നത്. സസ്‌കാച്ചെവാനിലെ ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു.

31കാരനായ ഡാമിയൻ സാൻഡേഴ്‌സൺ, 30കാരനായ മൈൽസ് സാൻഡേഴ്‌സൺ എന്നീ പ്രതികളുടെ പേരുകൾ പൊലീസ് പുറത്തുവിട്ടു. എന്നാൽ ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നോ ഇരകൾ ആരൊക്കെയാണെന്നോ വ്യക്തമായിട്ടില്ല. ആക്രമണം നടന്ന ജെയിംസ് സ്മിത്ത് ക്രീ നേഷൻ, വെൽഡൺ വില്ലേജ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 320 കിലോ മീറ്റർ അകലെയുള്ള റെജീന നഗരത്തിൽ പ്രതികൾ കറുത്ത നിസ്സാൻ റോഗിൽ സഞ്ചരിക്കുന്നത് കണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട കൂടുതൽ പേർ വിവിധ ആശുപത്രികളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.