തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാർക്കായി വാതിൽ തുറന്ന് കാനഡ. 2023 മുതൽ മൂന്ന് വർഷത്തെ കാലയളവിൽ 14.50 ലക്ഷം സ്ഥിരതാമസക്കാരെ കൊണ്ടുവരാനാണ് രാജ്യം ലക്ഷ്യമിടുന്നത്.2025ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം അഞ്ച് ലക്ഷമാക്കി ഉയർത്താനും സർക്കാർ തീരുമാനിച്ചു. 

പരിചയസമ്പത്തുള്ള കൂടുതൽ തൊഴിലാളികൾക്ക് പെർമിനന്റ് റെസിഡന്റ് സ്‌ററാറ്റസ് നൽകുമെന്നും കുടിയേറ്റ മന്ത്രി സീൻ ഫ്രേസർ പ്രഖ്യാപിച്ചു.പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു. കാനഡയിൽ നിലവിൽ 10 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് നികത്തപ്പെടാതെ കിടക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം മൂലം നിർമ്മാണ മേഖലയിൽ ഉൾപ്പടെ കടുത്ത പ്രതിസന്ധി തുടരുകയാണ്.

2023ൽ 4.65 ലക്ഷം കുടിയേറ്റക്കാർ വിദേശരാജ്യങ്ങളിൽനിന്ന് പുതിയതായി രാജ്യത്തെത്തു മെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 4.05 ലക്ഷം പേരാണ് എത്തിയത്.

ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ ചൊവ്വാഴ്ചയാണ് പുതിയ കുടിയേറ്റ പദ്ധതി വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങൾക്കും അഭയാർഥികൾക്കും കൂടുതൽ മിതമായ ലക്ഷ്യങ്ങൾക്കൊപ്പം ആവശ്യമായ തൊഴിൽ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള കൂടുതൽ സ്ഥിര താമസക്കാരെ പ്രവേശിപ്പിക്കുന്നതിന് ഇത് കനത്ത ഊന്നൽ നൽകുന്നു.കാനഡയുടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇമിഗ്രേഷൻ ലെവൽ പ്ലാൻ 2023-2025 പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.