ടൊറന്റോ : വിദ്യാഭ്യാസ രംഗത്തെ ജോലിക്കാർക്കെതിരെ ഒന്റാരിയോ ഗവർണർ ഡഗ് ഫോർഡ് കൊണ്ടുവന്ന കരിനിയമം- ബിൽ 28-, പിൻവലിച്ചു. ഇതോടെ ബില്ലിനെതിരെ ഒന്റാരിയോയിലുടനീളമുള്ള 55,000 വിദ്യാഭ്യാസ ജീവനക്കാർ ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച അവസാനിപ്പിച്ചു. പണിമുടക്ക് നിയമവിരുദ്ധമാക്കിയ നിയമനിർമ്മാണം റദ്ദാക്കാൻ പ്രീമിയർ ഡഗ് ഫോർഡ് തയ്യാറായതിനെ തുടർന്നാണ് പണിമുടക്ക് അവസാനിപ്പിക്കുന്നതെന്ന് ഒന്റാരിയോ സ്‌കൂൾ ബോർഡ് കൗൺസിൽ ഓഫ് യൂണിയൻസ് പ്രസിഡന്റ് ലോറ വാൾട്ടൺ അറിയിച്ചു.

ചൊവ്വാഴ്ച മുതൽ സ്‌കൂളുകൾ പ്രവർത്തിച്ചു തുടങ്ങുമെന്നും അവർ അറിയിച്ചു. സമരം മൂലം പഠനം നിലച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതോടെ സ്‌കൂളുകളിലേക്കെത്തും.

ഒന്റാരിയോ വിദ്യാഭ്യാസ ജീവനക്കാരുടെ പണിമുടക്ക് രേഖാമൂലം നിയമവിരുദ്ധമാക്കുന്ന നിയമനിർമ്മാണം പിൻവലിക്കാനുള്ള തന്റെ ആവശ്യം പ്രീമിയർ ഫോർഡ് അംഗീകരിച്ചതായും ലോറ വാൾട്ടൺ പറഞ്ഞു. ''ബിൽ 28 പൂർണ്ണമായും റദ്ദാക്കുന്ന നിയമനിർമ്മാണം പ്രീമിയർ അവതരിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് സ്ഥിരീകരിച്ചു,'' ലോറ വാൾട്ടൺ പറഞ്ഞു.

ഒന്റാരിയോ വിദ്യാഭ്യാസ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ യൂണിയൻ തയ്യാറാണെങ്കിൽ, നിയമനിർമ്മാണം പിൻവലിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് ഗവർണർ ഫോർഡ് തന്നെയാണ് ആദ്യം രംഗത്തുവന്നത്.

ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ ഒരാഴ്ചയിലേറെയായി നിലച്ചിരിക്കുകയാണെന്നും കരാർ ചർച്ചകൾ ആരംഭിക്കാൻ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ക്ഷണിക്കുന്നതായും ഫോർഡ് അറിയിച്ചു.