ടോക്യോ: ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായി കാനഡയുടെ ഫുട്ബോള് താരം ക്യുൻ. ടോക്യോയിൽ വനിതാ ഫുട്ബോളിൽ കനേഡിയൻ ടീമിനൊപ്പം സ്വർണം നേടിയാണ് ക്യുൻ ചരിത്രനേട്ടത്തിൽ സ്വന്തം പേരു കുറിച്ചത്. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വർണനേട്ടം.

25-കാരിയായ ക്യുൻ കാനഡയുടെ മധ്യനിര താരമാണ്. ദേശീയ ടീമിനായി 69 മത്സരങ്ങൾ കളിച്ച ക്യുൻ 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. എന്നാൽ അന്ന് ക്യുൻ തന്റെ ട്രാൻസ്ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.

2004 മുതലാണ് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ടോക്യോ ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ പങ്കെടുത്ത ന്യൂസീലന്റ് താരം ലോറെൽ ഹബ്ബാർഡും ട്രാൻസ്ജെൻഡറാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ് വനിത എന്ന റെക്കോർഡും ലോറെൽ സ്വന്തമാക്കി.



പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു കാനഡയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്‌കോർ. തുടക്കത്തിൽ ബ്ലാക്സ്റ്റിനിയസാണ് സ്വീഡന് ലീഡ് നൽകിയത്. താരത്തിന്റെ ടൂർണമെന്റിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.

ഒരു പെനാൾട്ടിയിലൂടെയാണ് കാനഡ തിരിച്ചടിച്ചത്. സിങ്ലയറിനെ വീഴ്‌ത്തിയതിന് കിട്ടിയ പെനാൾട്ടി ജെസ്സി ഫ്‌ളമിങ് ആണ് വലയിൽ എത്തിച്ചത്. ഈ ഗോളിന് ശേഷം കളിയിൽ മികച്ചു നിന്നത് കാനഡ ആയിരുന്നു. എന്നാൽ കാനഡയ്ക്ക് വിജയ ഗോൾ നേടാൻ ആയില്ല.

അവസാനം എക്‌സ്ട്രാ ടൈമും കഴിഞ്ഞു കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ 3-2നാണ് കാനഡ വിജയിച്ചത്. അവസാനം എടുത്ത മൂന്ന് പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിക്കാൻ ആവാതിരുന്നത് സ്വീഡന് തിരിച്ചടിയായി. നേരത്തെ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് അമേരിക്ക വെങ്കല മെഡൽ നേടിയിരുന്നു.

കരുത്തരായ അമേരിക്കയെ അട്ടിമറിച്ചാണ് കാനഡ ഫൈനലിൽ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ നിലവിലെ വനിതാ ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അമേരിക്കയെ കീഴടക്കിയത്.

74-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജെ.ഫ്ളെമിങ്ങാണ് കാനഡയുടെ വിജയഗോൾ നേടിയത്. 1996 മുതലാണ് ഒളിമ്പിക്സിൽ വനിതാ ഫുട്ബോൾ ആരംഭിച്ചത്. അന്നുമുതൽ കൂടുതൽ തവണ അമേരിക്കയാണ് സ്വർണം നേടിയത്. 1996, 2004, 2008, 2012 വർഷങ്ങളിൽ ടീം സ്വർണം നേടി.