മുംബൈ: കാനഡയിൽ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഈ വർഷം തന്നെ അമ്പതു ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. 2018 ഒക്ടോബർ വരെയുള്ള പത്തു മാസത്തിൽ 15,000 ഇന്ത്യക്കാർ കനേഡിയൻ സിറ്റിസൺഷിപ്പ്‌ നേടിയെടുത്തതായി കനേഡിയൻ അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഉള്ളതിനെക്കാൾ 50 ശതമാനം കൂടുതലാണിത്.

കനേഡിയൻ പൗരത്വം നേടുന്ന വിദേശീയരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യ നേടിയത്. ഒന്നാം സ്ഥാനത്ത് ഫിലിപ്പീൻസ് ആണ്. ഫിലിപ്പീൻസിൽ നിന്നുള്ള 15,600 പേരാണ് ഈ വർഷം കാനഡയിൽ പൗരത്വം നേടിയെടുത്തത്. എന്നാൽ ഇവരുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 11 ശതമാനം മാത്രമാണ് വർധന ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ പത്തു മാസത്തിലെ കണക്കാണിതെന്നും ഒരു വർഷത്തെ മുഴുവൻ കണക്ക് പിന്നീട് പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തെ മുഴുവൻ കണക്ക് വെളിയിൽ വരുമ്പോൾ 2015-ലെ റെക്കോർഡ് നമ്പരിനെ കടത്തിവെട്ടുമെന്നാണ് കരുതുന്നത്. 2015-ൽ 28,000 ഇന്ത്യക്കാരാണ് കനേഡിയൻ പൗരത്വം നേടിയെടുത്തത്. പിന്നീട് ഓരോ വർഷവും ഇതിൽ ഇടിവു വന്നെങ്കിലും ഈ വർഷം പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടെന്നാണ് കരുതുന്നത്.

2017 ഒക്ടോബറിനു ശേഷം കനേഡിയൻ സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയിൽ ഇളവു വന്നതാണ് ഇതിനു കാരണം. പെർമനന്റ് റെസിഡൻസിയിൽ നിന്ന് പൗരത്വം സ്വീകരിക്കുന്നതോടെ കൂടുതൽ സർക്കാർ ബെനിഫിറ്റുകൾക്ക് യോഗ്യരാകും. സർക്കാർ മേഖലയിൽ ജോലി ചെയ്യാനുള്ള അവകാശം, വോട്ടവകാശം എന്നിവയും പൗരത്വം നേടുന്നതിലൂടെ വിദേശികൾക്ക് സാധ്യമാകും.