ടൊറന്റോ: സിറിയൻ അഭയാർഥികളേയും വഹിച്ചുകൊണ്ടുള്ള കനേഡിയൻ സർക്കാരിന്റെ ആദ്യ വിമാനം ടൊറന്റോയിൽ എത്തി. അഭയാർഥികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരിട്ടെത്തിയത് അഭയാർഥികളെ അമ്പരപ്പിക്കുക തന്നെ ചെയ്തു.

ഫെബ്രുവരി അവസാനത്തോടെ 25,000 സിറിയൻ അഭയാർഥികളെ കാനഡയിൽ പാർപ്പിക്കുമെന്ന്  ജസ്റ്റിൻ ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് നയത്തിന് വിപരീതമായി നിലപാടെടുത്ത കാനഡയുടെ മിലിട്ടറി വിമാനത്തിൽ 163 പേർ അടങ്ങിയ ആദ്യ അഭയാർഥി സംഘമാണ് എത്തിയത്.

ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം കാനഡ തികച്ചും വ്യത്യസ്ത നിലപാടാണ് അഭയാർഥികളുടെ കാര്യത്തിൽ സ്വീകരിച്ചത്. മുമ്പ് കാനഡ ഭരിച്ചിരുന്ന കൺസർവേറ്റീവ് സർക്കാർ പക്ഷേ സിറിയൻ അഭയാർഥികളെ സ്വീകരിക്കാൻ മടികാണിച്ചിരുന്നു. പിന്നീട് ടർക്കി ബീച്ചിൽ ഐലൻ കുർദിയെന്ന മൂന്നു വയസുകാരന്റെ മരണം അഭയാർഥി പ്രശ്‌നത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെടാൻ കാരണമായി. ഐലൻ കുർദിക്ക് കാനഡയിൽ ബന്ധുക്കൾ ഉണ്ടായിരുന്നതും പിന്നീട് ലേബർ അധികാരത്തിലേറിയതും അഭയാർഥികളുടെ കാര്യത്തിൽ വ്യത്യസ്ത നിലപാട് സ്വീരിക്കുന്നതിന് കാരണമാകുകയും ചെയ്തു.