മിസിസാഗാ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയൻ മലയാളി അസോസിയേഷന്റെ (സി.എം.എൻ.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മിസിസാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളിൽ വച്ചു (6890 Professional Court, L4VIX6) നടക്കും.

സൗത്ത് ഏഷ്യൻ കമ്യൂണിറ്റിയിലെ ഓർഗൻ ഡോണേഴ്‌സിന്റെ കുറവു പരിഹരിക്കുന്നതിനുള്ള കാമ്പയിനിന്റെ തുടക്കംകുറിക്കുന്നതിനാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

കാനഡയിലെ പൊതു സമൂഹത്തിനുവേണ്ടി ഡയബെറ്റിക് എഡ്യൂക്കേഷൻ ക്ലാസുകൾ, ബ്ലഡ് ഡോണർ ക്ലിനിക്കുകൾ തുടങ്ങിയവയും, പുതുതായി എത്തിച്ചേരുന്ന നഴ്‌സുമാർക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുക, തൊഴിൽ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെയ്ക്കുക തുടങ്ങിയവയും അസോസിയേഷൻ ചെയ്തുവരുന്നു.

നഴ്‌സുമാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള കലാപരിപാടികൾ ഓണാഘോഷത്തിനു മാറ്റുകൂട്ടും. സിഎംഎൻഎയുടെ ഓണാഘോഷത്തിന്റെ ലക്ഷ്യം മുന്നിൽക്കണ്ട് അവയവദാന സമ്മതപത്ര സമർപ്പണ ചടങ്ങിൽ കേരളത്തനിമയിൽ വേഷം ധരിച്ചെത്തുന്ന ഓണത്തപ്പനേയും ഓണത്തമ്മയേയും, ഓണത്തമ്പുരാട്ടിയേയും, കുട്ടികളിൽ നിന്നും ഓണക്കുറുമ്പനേയും ഓണക്കുറുമ്പിയേയും തെരഞ്ഞെടുക്കും. കുട്ടികൾക്കായി പ്രത്യേക കളികളും ഉണ്ടായിരിക്കും. ഏഴുമണിയോടെ ആരംഭിക്കുന്ന ഓണസദ്യയ്ക്കുശേഷം പരിപാടികൾക്ക് തിരശീല വീഴും.

വൈകുന്നേരം അഞ്ചോടെ ആരംഭിക്കുന്ന കലാപരിപാടികൾക്ക് മഹേഷ് മോഹൻ എന്റർടൈന്മെന്റ് കോർഡിനേറ്ററായിരിക്കും. സ്‌പോൺസർഷിപ്പ് എടുക്കാൻ താത്പര്യമുള്ളവരെ സിഎംഎൻഎ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജിജോ സ്റ്റീഫൻ (പി.ആർ.ഒ) 647 535 5742. വെബ്‌സൈറ്റ്: www.canadianmna.com