കൊച്ചി : നവ സ്വകാര്യബാങ്കുകൾക്കും എസ്‌ബിഐക്കും പിന്നാലെ കനറ ബാങ്കും സേവനങ്ങൾക്ക് കൊള്ളനിരക്ക് ഈടാക്കുന്നു. എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സേവനങ്ങൾക്കും ഉൾപ്പെടെ വലിയ ഫീസ് ഈടാക്കാനാണ്് ബാങ്കിന്റെ തീരുമാനം. ജൂലൈ ഒന്നുമുതൽ നിരക്കുവർധന നിലവിൽവരും. പുതിയ ഫീസ്‌നിരക്കും നിലവിലുള്ളവയുടെ വർധനയും ഉൾപ്പെടുന്ന സർക്കുലർ എല്ലാ ശാഖയിലും എത്തി. ഇതോടെ കൂടുതൽ ബാങ്കുകൾ സർവ്വീസ് ചാർജ് ഈടാക്കാനുള്ള സാധ്യതയും കൂടുകയാണ്.

ചുരുക്കത്തിൽ കനാറാ ബാങ്കിൽ സൗജന്യസേവനങ്ങൾ ഇനി ഉണ്ടാകില്ല. മൊബൈൽ, എസ്എംഎസ് അലെർട്ട്, നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങൾക്കും ഇനിപണം നൽകണം. ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ, കിയോസ്‌ക്ക് തുടങ്ങി ഏതു മാർഗത്തിലൂടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചാലും സാധാരണ ബാങ്ക് കൗണ്ടറിൽ ഈടാക്കുന്ന സേവനനിരക്ക് നൽകണം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഇതുവരെ സൗജന്യമായിരുന്നു. ഇനിമുതൽ 50,000 രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന് 1000 രൂപയ്ക്ക് ഒരു രൂപവീതം ഈടാക്കും. ഏറ്റവും കുറഞ്ഞത് 50 രൂപമുതൽ 2500 രൂപവരെയാണ് ഈടാക്കുക.

കറന്റ് അക്കൗണ്ട്, ഓവർ ഡ്രാഫ്റ്റ്, ഓപ്പൺ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകളിലെ നിരക്കുകളിൽ മാറ്റമില്ല. ഈ അക്കൗണ്ടുകളിൽ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് സേവനനിരക്കില്ല. ഒരുലക്ഷത്തിനുമേൽ 1000 രൂപയ്ക്ക് ഒരുരൂപവീതം ഏറ്റവും കുറഞ്ഞത് 100 രൂപമുതൽ 5,000 രൂപവരെയാണ് സേവനനിരക്ക്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ച എസ്എംഎസ് സന്ദേശങ്ങൾക്ക്ഇനി മൂന്നുമാസം കൂടുമ്പോൾ 10 രൂപവീതം നൽകണം. ഉപയോഗിക്കാത്ത അക്കൗണ്ട് വീണ്ടും സജീവമാക്കാൻ 300 രൂപ ഈടാക്കും. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയ്ക്ക് ഇനി 5000 രൂപമുതൽ 25000 രൂപവരെ അഞ്ചുരൂപയും 25000ത്തിനു മുകളിൽ 10 രൂപയും ഫീസ് നൽകണം. തുക പിൻവലിക്കാൻ മറൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാൽ അക്കൗണ്ടിൽ ആവശ്യത്തിന് തുകയില്ലെങ്കിൽ 20 രൂപ പിഴ ഈടാക്കും.

സ്വർണം പണയംവച്ച് എടുത്തിരുന്ന വായ്പകൾ കാലാവധി കഴിഞ്ഞാൽ ഉരുപ്പടി സൂക്ഷിക്കുന്നതിന് കാലാവധി കഴിഞ്ഞുള്ള ഓരോ മാസവും 100 രൂപവീതം നൽകണം. 25,000 രൂപയുടെ സ്വർണപ്പണയത്തിനാണിത്. അക്കൗണ്ട് മറ്റൊരു ശാഖയിലേക്കു മാറ്റാനും തുക ഈടാക്കും. മുമ്പ് 50 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ ഇനിമുതൽ 50 രൂപയ്‌ക്കൊപ്പം ബാങ്ക് നിശ്ചയിക്കുന്ന തുകകൂടി നൽകണം. എസ്ഡിഎ (സേഫ് ഡെപ്പോസിറ്റ് ആർടിക്കിൾസ്) നിരക്ക് നിലവിൽ ഏറ്റവും കുറവ് 500 രൂപ ആയിരുന്നത് 750 ആയി ഉയർത്തി. അക്കൗണ്ട് തുറക്കുമ്പോഴുള്ള ഒപ്പ്, ഫോട്ടോ പരിശോധന, അറ്റസ്റ്റേഷൻ എന്നിവയ്ക്ക് 100 രൂപയെന്നത് 150 ആക്കി.

അധികാര കൈമാറ്റപത്രം രജിസ്റ്റർചെയ്യണമെങ്കിൽ എസ്ബി അക്കൗണ്ടിന് 300ഉം മറ്റ് അക്കൗണ്ടുകൾക്ക് 500 രൂപയും നൽകണം. നിലവിൽ 100 രൂപയാണ്. ഡിമാൻഡ് ഡ്രാഫ്റ്റിന് നേരത്തെ 1000 രൂപയ്ക്ക് മൂന്നുരൂപയായിരുന്നത് നാലു രൂപയാക്കി. മറ്റു ബാങ്കുകളുടെ ചെക്കുകൾ മാറ്റിയെടുക്കാൻ ഇനിമുതൽ ഒരുലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് 200 രൂപ ഈടാക്കും.