കാൻബറ: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. കാൻബറ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തിൽ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതൽ ഗാഗുൽത്താമലയിൽ മരണം വരിച്ചു കല്ലറയിൽ സംസ്‌കരിക്കപ്പെടുന്നതു വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേർക്കാഴ്ച വിശ്വാസി സമൂഹത്തിനു ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെ തീവ്രത പകർന്നു നൽകി.

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്ര അവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താല്പര്യ പ്രകാരം യുവജനങ്ങൾ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റർ വിൽസൺ ചക്കാലയാണ്. ജസ്റ്റിൻ. സി. ടോം കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചു.

കുരിശിന്റെ വഴിയിലെ സംഭവങ്ങളോട് പൂർണമായും നീതി പുലർത്തിയ അവതരണം പീഡാനുഭവത്തിന്റെ തീവ്രത കാഴ്ചക്കാർക്ക് പകർന്നു നൽകി.

ഓകോണർ സെന്റ് ജോസഫ് പള്ളിയിൽ നടന്ന കുരിശിന്റെ വഴിയിലും പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരത്തിലും, തിരുക്കർമ്മങ്ങളിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. മലയാളികൾക്കൊപ്പം തദ്ദേശീയരും ദൃശ്യാവിഷ്‌കാരം കാണുവാൻ എത്തിയിരുന്നു. പീഡാനുഭവ തിരുക്കർമങ്ങൾ നടന്നു. തിരുക്കർമ്മങ്ങൾക്ക് മെൽബൺ രൂപത മെത്രാൻ മാർ ബോസ്‌കോ പുത്തൂർ പ്രധാന കാർമ്മികത്വം വഹിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ,ഫാ. ബിജു (ബാംഗ്ലൂർ ), ഫാ. പ്രവീൺ അരഞ്ഞാണിഓലിക്കൽ, എന്നിവർ സഹകാർമികത്വം വഹിച്ചു.