കാൻബറ: നിങ്ങളുടെ പ്രദേശത്ത് അമിത വേഗത്തിൽ വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുകയാണോ? എങ്കിൽ സ്പീഡ് ക്യാമറ സ്ഥാപിച്ച് ഇത്തരക്കാരെ പിടികൂടാൻ സർക്കാർ നടപടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. സ്‌കൂളുകൾ, ജോലി സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു സമീപം അലക്ഷ്യമായും അമിത വേഗത്തിലും വാഹനമോടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇവിടങ്ങളിൽ സ്പീഡ് ക്യാമറ സ്ഥാപിക്കാൻ സർക്കാരിനോട് നിർദേശിക്കാം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെ പിടിക്കുന്നതിനുമായി നിവാസികളുടെ നിർദ്ദേശം പരിഗണിക്കാൻ എസിടി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നു.

എവിടെ സ്പീഡ് ക്യാമറ സ്ഥാപിക്കണമെന്നും മറ്റും നിവാസികൾക്ക് നിർദ്ദേശം നൽകാമെന്ന് മന്ത്രി ഷെയ്ൻ റാറ്റൻബറി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നടപടികളുടെ ഭാഗമായി അധികമായി 100 മൊബൈൽ സ്പീഡ് ക്യാമറകൾ സിറ്റിയിലുടനീളം സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുതിയ എസിടി ബജറ്റിൽ രണ്ട് പുതിയ മൊബൈൽ സ്പീഡ് ക്യാമറ വാനുകളാണ് അനുവദിച്ചിരിക്കുന്നത്. അധികമായി നാല് ക്യാമറ ഓപ്പറേറ്റർമാരേയും അനുവദിച്ചിട്ടുണ്ട്.

പുതുതായി ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങളെകുറിച്ചുള്ള നിർദ്ദേശം റോഡ് സേഫ്റ്റി ക്യാമറ വെബ്‌സൈറ്റുകളിൽ കാൻബറ നിവാസികൾക്ക് സമർപ്പിക്കാം. നിവാസികളുടെ നിർദ്ദേശം പരിഗണിക്കാൻ പ്രത്യേക സമിതിയുമുണ്ട്. സ്‌കൂളുകൾ, വർക്ക് സൈറ്റുകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും സ്പീഡ് ക്യാമറകൾ സ്ഥാപിക്കുക. ഗതാഗതത്തിന് തടസം വരാത്ത വിധത്തിൽ സ്പീഡ് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യാനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തും.