കുവൈറ്റ് സിറ്റി : അമ്പത്തഞ്ചു വയസു കഴിഞ്ഞ പ്രവാസികളുടെ റസിഡൻസി റദ്ദാക്കണമെന്ന ആവശ്യവുമായി മുൻ എംപി രംഗത്ത്. കുവൈറ്റ് പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അബ്ദുള്ള അൽ തമീമിയാണ് ഈയാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറെക്കാലമായി കുവൈറ്റിൽ തങ്ങുന്ന വിദേശികളെ ഇനി നാട്ടിലേക്ക് പറഞ്ഞുവിടുകയാണ് നല്ലത്. 55 വയസു കഴിഞ്ഞവരുടെ റസിഡൻസി റദ്ദാക്കി നാട്ടിലേക്ക് അയയ്ക്കുകയാണെങ്കിൽ സ്വദേശികൾക്ക് കൂടുതൽ അവസരം കൈവരുമെന്നും മുൻ എംപി വ്യക്തമാക്കി.

താൻ വിജയിക്കുകയാണെങ്കിൽ കുവൈറ്റ് സ്വദേശികളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പ്രയത്‌നിക്കുകയെന്നും അൽ തമീമി വെളിപ്പെടുത്തി. രാജ്യത്തിന്റെ ജനസംഖ്യാശാസ്ത്രത്തിന് താൻ മുൻതൂക്കം നൽകുമെന്നും ജഡ്ജിമാർ, ഡോക്ടർമാർ തുടങ്ങിയവർ ഒഴിച്ചുള്ള മേഖലകളിലുള്ള പ്രായമുള്ള വിദേശികളെ പറഞ്ഞുവിടാനുമായിരിക്കും താൻ ശ്രമിക്കുകയെന്നും അൽ തമീമി പറയുന്നു.

നിലവിൽ ഒട്ടേറെ മേഖലകളിൽ കുവൈറ്റികൾ സ്‌പെഷ്യലൈസ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ വിദേശികളെ ആ സ്ഥാനങ്ങളിലേക്ക് ഇനി കൂടുതൽ എടുക്കേണ്ടെന്നും അൽ തമീമി പറയുന്നു. അടുത്ത സർക്കാർ കുവൈറ്റികൾക്ക് കൂടുതൽ അവസരം കൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരിക്കും തയാറാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.