തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയത് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തയ്യാറാക്കിയ നൽകിയ എസ്റ്റിമേറ്റിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ക്ലിഫ് ഹൗസിലെ സെക്യൂരിറ്റി ഗാർഡുകൾ, ഡ്രൈവർമാർ, ഗൺമാന്മാർ, അറ്റൻഡർമാർ എന്നിവരുടെ വിശ്രമ മുറികൾ നവീകരിക്കുന്നതിനാണ് 98 ലക്ഷത്തിന്റെ നിർമ്മാണ അനുമതി നൽകി ഉത്തരവിറങ്ങിയിരിക്കുന്നത്.

ടെൻഡറില്ലാതെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർ അവരുടെ ഔദ്യോഗിക വസതികളിലും ഓഫീസുകളിലും അറ്റകുറ്റപ്പണിയും മാറ്റങ്ങളും നിർദ്ദേശിക്കാറുണ്ട്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നൽകും. അടിയന്തരമായി ചെയ്യേണ്ട ജോലികൾ ആയതിനാൽ ടെൻഡർ വിളിക്കാതെ അക്രഡിറ്റഡ് കരാറുകാർക്ക് നിർമ്മാണച്ചുമതല കൈമാറുകയാണ് പതിവ്. ഈ പശ്ചാത്തലത്തിൽ 98 ലക്ഷം രൂപയുടെ ക്ലിഫ് ഹൗസ് നവീകരണ ഉത്തരവ് റദ്ദാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി കെ.പി.സി. സി .സെക്രട്ടറി അഡ്വ. സി. ആർ. പ്രാണകുമാർ രംഗത്തെത്തിയിരിക്കുകയാണ്.

അഡ്വ. സി. ആർ. പ്രാണകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസിന് ഒരു തുറന്ന കത്ത്.

താങ്കളുടെ കേരള മന്ത്രിസഭയിലെ പ്രവേശനം യുവജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കികണ്ടത്. എന്നാൽ താങ്കളുടെ ചുമതലയിലുള്ള പൊതുമരാമത്ത് വകുപ്പിൽ നിന്നും സ്വീകരിച്ച ഒരു നടപടിയോടുള്ള വിയോജിപ്പ് അറിയിക്കുന്നതിനാണ് ഈ തുറന്ന കത്ത്.

കേരളീയ സമൂഹത്തിൽ കോവിഡ് 19 മഹാമാരി വ്യാപകമായ ദുരിതം വിതയ്ക്കുകയും, റിപ്പോർട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായി വലിയ തോതിൽ മരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും, ജനങ്ങൾ പ്രാണവായുവിനായി പോലും ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയും,രോഗവും പ്രകൃതിക്ഷോഭങ്ങളും മഴക്കെടുതികളും കാരണം കേരളത്തിലെ സമസ്ത വിഭാഗം ജനങ്ങളും ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കുകയും, കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതുമൂലം ചെളിക്കുളമായി ക്കിടക്കുന്ന റോഡുകളിലൂടെ ജീവൻ പണയം വച്ച് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ 22.5.2021 ലെ GO (Rt) 532/2021/PWD ഉത്തരവ് പ്രകാരം 98 ലക്ഷം രൂപ മുടക്കി ക്ലിഫ്ഹൗസ് റസ്റ്റ്‌റൂം നവീകരിച്ച് സൗന്ദര്യവൽക്കരണം നടത്താനുള്ള നീക്കം അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണ്.

ഈ ദുരിത കാലഘട്ടത്തിൽ പരമാവധി തുക പൊതുജനങ്ങളുടെയും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും മഴക്കെടുതികൾ കാരണം കൃഷി പൂർണ്ണമായി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കർഷകരുൾപ്പെടെയുള്ള സാധാരണക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും, പൊതുജനാരോഗ്യ മേഖലയുടെ വികസനത്തിനും ഉപയോഗിക്കേണ്ടതിന് പകരം ഇത്തരത്തിൽ അനാവശ്യ ധൂർത്തടിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.

മേൽ വസ്തുതകൾ മുൻനിർത്തി 22.5.2021 ലെ ഉത്തരവ് പ്രകാരം ക്ലിഫ്ഹൗസ് റസ്റ്റ്‌റൂം നവീകരിക്കുന്നതിന് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഏറ്റവും അടിയന്തരമായി ചെയ്യേണ്ട വർക്കുകൾക്ക് മാത്രം അംഗീകാരം നൽകി ബാക്കിതുക ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും പൊതുജനാരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിച്ച് മാതൃക കാട്ടണമെന്നും അഭ്യർത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,
അഡ്വ സി ആർ പ്രാണകുമാർ
കെ പി സി സി സെക്രട്ടറി

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൻ തുക മുടക്കി മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിച്ചത് വിവാദമായതോടെ അന്നു മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാൻ ഔദ്യോഗിക വസതി വിട്ട് സ്വന്തം വീടുകളിലേക്ക് മാറിയിരുന്നു. കോടിയേരി 17 ലക്ഷവും ദിവാകരൻ 11 ലക്ഷവുമാണ് അന്നു നവീകരണത്തിനായി ചെലവിട്ടത്.ഉമ്മൻ ചാണ്ടി സർക്കാർ 4.3 കോടി രൂപയാണ് ഭരണമേറ്റപ്പോൾ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ചെവാക്കിയത്.

ഒന്നാം പിണറായി സർക്കാർ മന്ത്രി മന്ദിരങ്ങൾ നവീകരിക്കാൻ ആകെ ചെലവാക്കിയ തുക 90 ലക്ഷമെന്നായിരുന്നു 2018ൽ വിവരാവകാശ നിയമ പ്രകാരം പുറത്തുവിട്ട കണക്ക്. അതേസമയം സർക്കാറിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയുടെ വസതിയിൽ 98 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയേക്കാം. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് നടുവിലൂടെയാണ് കടന്നു പോകുന്നത്. കോവിഡ് വാക്സിൻ വാങ്ങാനായി ചലഞ്ച് വഴി സാധാരണക്കാർ അടക്കം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നുണ്ട്. ഇതാണ് അവസ്ഥ എന്നിരിക്കവേ തെറ്റായ മാതൃകയാണ് സ്വവസതിയിലെ നിർമ്മാണ പ്രവർത്തങ്ങൾ എന്ന ആക്ഷേപത്തിന് ഇടയക്കിയേക്കാം.

ദേശീയ തലത്തിൽ സെൻട്രൽ വിസ്ത നിർമ്മാണത്തിനെതിരെ ഇടതു നേതാക്കൾ അടക്കം രംഗത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തിൽ ക്ലിഫ്ഹൗസ് നവീകരണം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനം കടുത്ത സാമ്പത്തി പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത മാസം 4 ന് നിയമസഭയിൽ പുതുക്കിയ ബജറ്റ് അവതരിപ്പിക്കാനിരിക്കയാണ്. വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കോവിഡ് ഉണ്ടാക്കിയ ആഘാതവും മൂലം തകർന്നു കിടക്കുകയാണ് സാമ്പത്തിക നില.

പെൻഷൻ തുക പടി പടിയായി വർദ്ധിപ്പിച്ചും കിറ്റടക്കമുള്ള ആനുകൂല്യങ്ങൾ തുടരാനായി കൂടുതൽ പണം കണ്ടെത്തിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കേണ്ടി വരും. പക്ഷെ നികുതി മേഖലയിലടക്കം വരുമാനത്തിലുണ്ടാകുന്ന ഇടിവാണ് പ്രധാന പ്രതിസന്ധി. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ കടമെടുപ്പ് തുടരുക മാത്രമാണ് തല്കാലത്തേക്കുള്ള പോംവഴി.

സംസ്ഥാന ഖജനാവിൽ നിലവിൽ 3000 കോടിയുണ്ട് എന്നതാണ് ധനമന്ത്രിക്ക് ആശ്വാസം. മാത്രമല്ല റിസർവ് ബാങ്ക് അടുത്തിടെ നൽകിയ ഓവർ ഡ്രാഫ്ട് ഇളവിലൂടെ രണ്ടായിരം കോടി രൂപ കൂടി കിട്ടും. പുതിയ സർക്കാരിന് തുടക്കത്തിൽ മുന്നോട്ടു പോകാൻ ഈ പണം തത്കാലം മതിയെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ദീർഘകാല ആശയങ്ങൾ ധനമന്ത്രിക്ക് നടപ്പാക്കിയേ തീരു. പ്രതിസന്ധിയില്ലെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്ക് ആവർത്തിക്കുമ്പോഴും കണക്കുകൾ നൽകുന്നത് അപായ സൂചനയാണ്.