ദുബായ്: ജോലിയിൽ തുടരാനാകാത്ത വിധം രോഗബാധിതരാകുന്നവരുടെ ലേബർ കാർഡ് റദ്ദാക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിനേറ്റൈസേഷൻ. ജോലിയിലിരിക്കെ തൊഴിലാളിക്ക് ഗുരുതരമായ രോഗം ബാധിച്ചാൽ ഇവരുടെ ലേബർ കാർഡ് റദ്ദാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രോഗബാധിതനായ ഒരു തൊഴിലാളിയുടെ ലേബർ കാർഡ് റദ്ദാക്കാനുള്ള അവകാശവും ഏതൊരു സ്ഥാപനത്തിന് ഉണ്ടായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈ വകുപ്പിന്റെ കീഴിൽ ഒരു തൊഴിലാളിയുടെ ലേബർ കാർഡ് റദ്ദാക്കുമ്പോൾ പാലിച്ചിരിക്കേണ്ട ചട്ടങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് സിക്ക് കാൻസലേഷൻ മെഡിക്കൽ ലെറ്റർ ലഭിച്ചിരിക്കണം എന്നതാണ് ഏറ്റവും പ്രധാനം. ഇതിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് സ്റ്റാമ്പ് ചെയ്തിരിക്കുകയും വേണം. രണ്ടാമതായി, ലേബർ കാർഡ് കാൻസൽ ചെയ്യുന്നതിന് മുമ്പ് തൊഴിലാളി ആദ്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫേഴ്‌സിലോ രാജ്യത്തുള്ള ഇതിന്റെ അനുബന്ധ ശാഖകളിലോ തന്റെ വിസ റദ്ദാക്കിയിരിക്കുകയും വേണം.

ലേബർ കാർഡ് കാൻസൽ ചെയ്യാനുള്ള അപേക്ഷാ ഫോറം പ്രിന്റ് ചെയ്തതാവണം. കൂടാതെ ഇതിനു വേണ്ട രേഖകളെല്ലാം തന്നെ സ്‌കാൻ ചെയ്ത് കൂടെ സമർപ്പിക്കുകയും വേണം. സ്ഥാപനത്തിന്റെ അപേക്ഷയിൽ മേൽ പിന്നീട് മന്ത്രാലയം നടപടി സ്വീകരിക്കുകയും ചെയ്യും.