സ്വാദുമാത്രം നോക്കി ഭക്ഷണം കഴിക്കുമ്പോൾ ഓർക്കുക. നാം കഴിക്കുന്ന പല ഭക്ഷണ പദാർഥങ്ങളും കാൻസറിന് കാരണമായ മാരകവസ്തുക്കളുടെ കൂട്ടത്തിലുള്ളവയാണ്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പട്ടികയിൽ, കാൻസറിന് കാരണമായ മാരകവസ്തുക്കളിൽ സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കുമൊപ്പമാണ് സോസേജിനും ബേക്കണിനും ബർഗറിനുമൊക്കെ സ്ഥാനം.

ആഴ്‌സനിക്, ആസ്ബസ്‌റ്റോസ് മുതലായവ പോലെ തന്നെ പ്രോസസ്ഡ് മീറ്റും കാൻസറുണ്ടാക്കുമെന്ന് ഈ പട്ടിക മുന്നറിയിപ്പ് നൽകുന്നു. റെഡ് മീറ്റും അപകടകാരിയായ വസ്തുക്കളുടെ കൂട്ടത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടത്തിയിരിക്കുന്നത്. ഫാസ്റ്റ്ഫുഡ് രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലാണ് ഡബ്ല്യു.എച്ച്.ഒയുടേത്.

ലോകാരോഗ്യസംഘടനയുടെ കാൻസർ റിസർച്ച് ഏജൻസിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മാംസാഹാരം രോഗസാധ്യതയേറ്റുന്നുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. പ്രതിവർഷം ദശലക്ഷക്കണക്കിനാളുകളാണ് കാൻസർ ബാധിച്ച് മരിക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് രോഗം ഇത്രമേൽ വ്യാപകമാക്കിയതെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് പറയുന്നു.

പന്നിയിറച്ചിയും പോത്തിറച്ചിയുമുൾപ്പെടെ റെഡ് മീറ്റും ഇറച്ചിയുത്പന്നങ്ങളും കാൻസർ സാധ്യതയേറ്റുന്നുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയവും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. വയറ്റിലുണ്ടാകുന്ന കാൻസറിന് വലിയൊരു കാരണം മാംസാഹാരമാണെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. പത്ത് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി കൂടിയാലോചിച്ചശേഷമാണ് ഡബ്ല്യു.എച്ച്.ഒ ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ബേക്കൺ, ഹോട്ട് ഡോഗ്, ബർഗർ, ചില സോസേജുകൾ തുടങ്ങിയവ മാരകവസ്തുക്കളുടെ പട്ടികയിൽ ഇടം പിടിക്കുന്നത് ആദ്യമായാണ്. പട്ടിക പുറത്തുവന്നാൽ, ജനങ്ങളുടെ ഭക്ഷണരീതിയെത്തന്നെ അത് മാറ്റിമറിച്ചേക്കാം. ഇറച്ചി പ്രോസസ്സ് ചെയ്യാനുപയോഗിക്കുന്ന മാർഗങ്ങളാണ് അതിനെ അപകടകരമായ ഭക്ഷണമാക്കി മാറ്റുന്നത്.