കാൻസർ പടരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായെന്ന് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർകവകാശാല കേന്ദ്രീകരിച്ച് പ്രവർ്ത്തിക്കുന്ന അന്താരാഷ്ട്ര ശാസ്ത്രസംഘം കണ്ടെത്തി. കാൻസർ എന്തുകൊണ്ട് പടരുന്നുവെന്നതും ആ വ്യാപനം എങ്ങനെ മെല്ലെയാക്കാമെന്നതുമാണ് ശാസ്ത്രജ്ഞർ പഠിച്ചുകൊണ്ടിരുന്നത്. പുതിയ കണ്ടെത്തൽ കാൻസർ ചികിത്സയിൽ നിർണായകമാകുമെന്നാണ് സൂചന.

കാൻസർമൂലമുള്ള മരണങ്ങളിൽ 90 ശതമാനത്തിനും കാൻസർ ശരീരത്തിൽ പടരുന്നതുകൊണ്ടാണെന്ന് കരുതുന്നു. പിടിപെടുന്ന സ്ഥലത്തുനിന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പടരുന്ന രോഗം അതിവേഗം രോഗിയെ കീഴ്‌പ്പെടുത്തുന്നു. ഈ വ്യാപനം തടയാൻ ഇന്നുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. കാൻസർ പിടിപെടുന്ന ഭാഗത്ത് രോഗബാധയുള്ള കോശങ്ങൾ വർധിക്കുകയും അവിടെ ഇടമില്ലാതാകുന്ന അധിക കോശങ്ങൾ രക്തത്തിലൂടെയും ലിംഫാറ്റിക് സിസ്റ്റത്തിലൂടെയും മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നത്.

തിരക്കേറിയ റെസ്റ്റോറന്റിൽ ഇരിക്കാൻ ഇടമില്ലാത്തതിനാൽ മറ്റു ഹോട്ടലുകൾ തേടിപ്പോകുന്നതുപോലെയാണിതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഹസിനി ജയതിലക പറയുന്നു. ശ്രീലങ്കൻ സ്വദേശിയാണ് ഹസിനി. കാൻസർ പിടിപെടുന്ന സ്ഥലത്തെ ട്യൂമറിന്റെ വലിപ്പമല്ല, അവിടെ കോശങ്ങൾ എത്രത്തോളം തിങ്ങിക്കൂടിയിരിക്കുന്നു എന്നതാണ് കാൻസർ വ്യാപിക്കാൻ കാരണമെന്ന് ഹസിനി പറഞ്ഞു.

ഇത്തരത്തിൽ കോശങ്ങൾ വേർപെട്ടുപോകുന്നത് തടയാനുള്ള മരുന്നുകൾ ശാസ്ത്രസംഘം മൃഗങ്ങളിൽ പരീക്ഷിച്ചു. മനുഷ്യരിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും രോഗം പടരുന്നത് എന്തുകൊണ്ടെന്ന് കണ്ടെത്താനായത് കാൻസർ ചികിത്സയിൽ വലിയൊരു വഴികാട്ടിയാകുമെന്നാണ് അവരുടെ വിലയിരുത്തൽ. ശരീരത്തിലെ കാൻസറിന്റെ വ്യാപനം തടയുന്നതാണ് ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളിയായി ഇപ്പോഴും ശാസ്ത്രലോകത്തിന് മുന്നിലുള്ളത്.

കാൻസർ പിടിപെടുന്ന പ്രൈമറി ട്യൂമർ നശിപ്പിക്കുന്നതാണ് ഏറ്റവും മികച്ച ചികിത്സാ രീതിയെന്നാണ് ഇപ്പോഴും ശക്തമായ വിശ്വാസം. അതുകൊണ്ടാണ് കാൻസർ വ്യാപനം തടയാനുള്ള മരുന്നുകൾ ഇതുവരെ കണ്ടെത്താൻ ആരും ശ്രമിക്കാതിരുന്നതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡെനിസ് വിർറ്റ്‌സ് പറയുന്നു. സർവകലാശാലയിലെ ഫിസിക്കൽ സയൻസസ്-ഓങ്കോളജി സെന്റർ ഡയറക്ടറാണ് ഡെനീസ്. ട്യൂമർ വലുതാകുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക മാറ്റമാണ് കാൻസർ കോശങ്ങളുടെ വ്യാപനം (മെറ്റസ്റ്റസിസ്) എന്നാണ് മരുന്നുകമ്പനികൾ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.