മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത കാൻസർ കെയർ ഗ്രൂപ്പിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ഈ മാസം 26ന് മെഡിക്കൽ ക്യാമ്പും എക്‌സിബിഷനും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലത്ത് ഒമ്പതുമുതൽ മൂന്നു മണിവരെ കേരളീയ സമാജത്തിൽ വച്ചാണ് പരിപാടി.

ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കും. പ്രമേഹ, രക്തസമ്മർദ്ദ പരിശോധനക്ക് പുറമെ ഡോക്ടറുടെ നിർദേശമനുസരിച്ച് കൊളസ്‌ട്രോൾ, തൈറോയ്ഡ്, ഹൃദയ സ്‌കാനിങ് എന്നിവയും നടത്തും. കാൻസർ പ്രതിരോധം, ജീവിത ശൈലീരോഗങ്ങൾ എന്നിവയെക്കുറിച്ച് ഡോ.വി.പി.ഗംഗാധരൻ അടക്കമുള്ള പ്രഗൽഭർ ക്ലാസെടുക്കും.

പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള പരിശീലനം, പുകയില, മദ്യപാനം മൂലം വരാവുന്ന അസുഖങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സ്റ്റാളുകൾ, കൗൺസിലിങ്, മാനസികാരോഗ്യ സ്റ്റാളുകൾ, സുഷുംനയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ പരിശോധന, ട്രാഫിക്, ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണം, വിവിധ ആശുപത്രികളുടെ സ്റ്റാളുകൾ, ദന്ത, നേത്ര പരിശോധന എന്നിവയും ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ.വി.പി.ഗംഗാധരൻ കാൻസർ കെയർ ഗ്രൂപ്പ് വാർഷിക പരിപാടിക്കായി വെള്ളിയാഴ്ച എത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കാൻസർ രോഗികളെ അദ്ദേഹം പരിശോധിക്കും.

ബഹ്‌റൈൻ ആരോഗ്യവകുപ്പിലെയും, തൊഴിൽ വകുപ്പിലെയും ഉന്നത വ്യക്തികളും, ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് രാവിലെ 10.30ന് നടക്കും. പോയവർഷം ഫെബ്രുവരിയിൽ, മാർത്തോമ പള്ളി വികാരിയായിരുന്ന ഫാ.രഞ്ജി വർഗീസ് മല്ലപ്പള്ളി രക്ഷാധികാരിയും, ഡോ.പി.വി.ചെറിയാൻ പ്രസിഡന്റും, കെ.ടി. സലിം ജനറൽ സെക്രട്ടറിയുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഗ്രൂപ്പിന് ഇപ്പോൾ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ഉപദേശ സമിതിയും വനിതാ, സേവന വിഭാഗങ്ങളുമുണ്ട്.
ഒരു വർഷത്തെ പ്രവർത്തന കാലയളവിൽ ആരോഗ്യരംഗത്തെ എല്ലാ മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. ആശുപത്രി സന്ദർശനം, സ്‌കൂളുകൾ, വിവിധ സംഘടനകൾ എന്നിവ മുഖേന നടത്തുന്ന ബോധവത്കരണം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.

ഹൃദയാഘാതം മൂലമുള്ള പ്രവാസികളുടെ മരണ നിരക്കിലെ വർധന, മരണം സംഭവിച്ചാൽ ഒഴിവുദിവസങ്ങളിൽ രേഖകൾ ശരിയാക്കുന്നതിന് വരുന്ന കാല താമസം തുടങ്ങിയ വിഷയങ്ങളിൽ ബഹ്‌റൈൻ ആരോഗ്യ മേഖലയിലെ ഉന്നതരുമായും ഇന്ത്യൻ എംബസിയുമായും ചർച്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ ക്യാമ്പും എക്‌സിബിഷനും സൗജന്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ഡോ.പി.വി.ചെറിയാൻ, കെ.ടി.സലിം എന്നിവർ പറഞ്ഞു.

ട്രഷറർ സുധീർ തിരുനിലത്ത്, ജനറൽ കൺവീനർ അജയകൃഷ്ണൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് കെ.മാത്യു, അബ്ദുൽ സഹീർ, സർവീസ് വിഭാഗം കൺവീനർ എം.എച്ച്. സെയ്താലി, ജോ.കൺവീനർ മാത്യു ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.