ലോകത്തേറ്റവും കൂടുതൽ കാൻസർ രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുകയാണോ? കീടനാശിനികളുടെ വൻതോതിലുള്ള ഉപയോഗവും ഭക്ഷണപദാർഥങ്ങളിലെ മായം ചേർക്കലും ഇന്ത്യക്കാരെ മുഴുവൻ ക്യാൻസർ ബാധിതരാക്കുമോ എന്ന് സംശയിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു. 18 ലക്ഷം കാൻസർ ബാധിതർ ഇന്ത്യയിലുണ്ടെന്ന് അമേരിക്കൻ ആരോഗ്യ വകുപ്പിന് കീഴിലുള്ള നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ടിട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.

കാൻസർ ഇന്ത്യയിൽ വലിയ ആരോഗ്യപ്രശ്‌നമായി മാറുകയാണെന്ന് ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. രോഗം മൂലമുള്ള മരണനിരക്കും ഇന്ത്യയിൽ വൻതോതിൽ വർധിച്ചുവരികയാണ്. പുതിയതായി രോഗത്തിന് കീഴടങ്ങുന്ന 13 പേരിൽ ഒരാൾ ഇന്ത്യക്കാരനാണെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കാൻസർ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഇന്ത്യയിൽ ശില്പശാല സംഘടിപ്പിക്കാനും നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറായി.

കാൻസറിനെ തോൽപിക്കാൻ ആഗോള തലത്തിൽ രാജ്യങ്ങൾ കൈകോർക്കേണ്ട സമയമാണെന്ന് എൻ.സി.യുടെ ഇന്ത്യയിലെ പ്രോഗ്രാം ഡയറക്ടർ പ്രീത രാജാരാമൻ പറഞ്ഞു. ഓരോ പുതിയ 13 കാൻസർ രോഗികളിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. കാൻസറിന്റെ വ്യാപനത്തെ ചെറുക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ കാൻസർ ബാധിതരിൽ 80 ശതമാനത്തോളം രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സ തേടിയെത്താറുള്ളതെന്ന് വിദഗ്ദ്ധർ പറയുന്നു. രോഗത്തെ ചെറുക്കാനുള്ള മുൻകരുതലുകൾ ദുർബലമാണ്. രാജ്യത്ത് 412 മെഡിക്കൽ കോളേജുകളും 347 ടെലിത്തെറാപ്പി യൂണിറ്റുകളും മാത്രമാണുള്ളത്. ചികിത്സാ സൗകര്യങ്ങളും ഇന്ത്യയിൽ കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.