ലണ്ടൻ: യുകെ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള കാൻസർ റിസേർച്ച് യുകെ നൽകുന്ന പണത്തിലെ ഓരോ ചില്ലറ തുട്ടും ഈ മാരക രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് ചെലവഴിക്കുമ്പോൾ ലോകജനതയ്ക്കു തന്നെ പുത്തൻ പ്രതീക്ഷകൾ നൽകി പുതിയ ഗവേഷണ പദ്ധതി യാഥാർത്യമാകുന്നു. കേന്ദ്ര സർക്കാരും കാൻസർ റിസേർച്ച് യുകെയും തുല്യ പ്രാധാന്യം ഏറ്റെടുക്കുന്ന ഗവേഷണ പദ്ധതിക്ക് പത്തു മില്യൺ പൗണ്ടാണ് ചിലാക്കുന്നത്. ഇതിൽ അഞ്ചു മില്യൺ ക്യാൻസർ റിസേർച്ച് യുകെയും അഞ്ചു മില്യൺ കേന്ദ്ര സർക്കാരിന്റെ ബയോ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റും ആണ് ഏറ്റെടുക്കുന്നത്. മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർക്കു പ്രയോജനകരമാകും വിധം കൂടുതൽ വിമാന സർവീസിന് ആവശ്യം ഉയർന്നപ്പോൾ കൈമലർത്തിയ അന്നത്തെ വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാലിനെ ഓർമ്മപെടുത്തും വിധം ആറു വർഷം മുൻപ് വയലാർ രവി ഭരിച്ച ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ യുകെയുമായി ചേർന്ന് ക്യാൻസർ ഗവേഷണ പദ്ധതിക്ക് തുല്യ പങ്കാളിത്തം ഏറ്റെടുക്കുന്നത്.

വേണുഗോപാലിന്റെ നിഷ്‌ക്രിയത്വം മാറ്റാൻ അശോക് ഗജപതി രാജു എത്തിയതിനു സമാനമാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് ഹർഷ വർദ്ധൻ മന്ത്രിയായപ്പോൾ നേടിയിരിക്കുന്ന പുതുജീവൻ തെളിയിക്കുന്നതും. ബ്രിട്ടൻ അടക്കമുള്ള വൻശക്തികൾ നടത്തുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിൽ തുല്യ പങ്കാളിത്തം ഏറ്റെടുക്കാൻ കഴിയും വിധം ഇന്ത്യ മുന്നേറുന്നത് അത്ഭുതത്തോടെ ലോകം വീക്ഷിക്കുന്ന സാഹചര്യമൊരുക്കുകയാണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒപ്പു വച്ച ധാരണാപത്രം വ്യക്തമാക്കുന്നത്. പണമില്ലായ്മയുടെ പേരിൽ ഇത്തരം കാര്യങ്ങൾ മുടങ്ങരുത് എന്ന സന്ദേശം കൂടിയാണ് ഇന്ത്യ ഇതിലൂടെ ഉയർത്തുന്നത്. കാൻസർ റിസേർച്ച് യുകെയ്ക്കും മറ്റും പൊതുജനങ്ങൾ നൽകുന്ന വൻ തുകയുടെ സംഭാവനകൾ കരുത്തായി മാറുമ്പോൾ ഇത്തരം രംഗങ്ങളിൽ ഇപ്പോഴും ഇന്ത്യ നേരിട്ടാണ് പണം മുടക്കുന്നത്.

രണ്ടു വർഷം മുൻപ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്‌കൈ ഡൈവിങ് നടത്തിയപ്പോൾ ലഭിച്ചതിൽ ഒരു വിഹിതമായ 3000 പൗണ്ടാണ് ക്യാൻസർ റിസേർച്ച് യുകെയ്ക്കായി നൽകിയത്. ഇതുൾപ്പെടെ പതിനായിരക്കണക്കിന് പൗണ്ടിന്റെ പിന്തുണ യുകെ മലയാളി സമൂഹം കാൻസർ റിസേർച്ച് യുകെയ്ക്കായി ഏറ്റെടുത്തിട്ടുണ്ട്. പ്രധാന മലയാളി സംഘടനകൾ ഒട്ടു മിക്കതും ഒരിക്കൽ എങ്കിലും ഈ പ്രസ്ഥാനത്തിനായി സമയവും പണവും മാറ്റി വച്ചിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. ഇതുകൂടാതെ പെൺകുട്ടികളും വനിതകളും മുടി മുറിച്ചും പുരുഷന്മാർ മീശയും താടിയും ഉപേക്ഷിച്ചും ഒക്കെ ക്യാൻസർ യുകെയ്ക്കു വേണ്ടി ധനസമാഹരണം കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ നൽകിയ ഓരോ ചില്ലറ നാണയവും ഭാവി ജനതയ്ക്കായി തങ്ങൾ പ്രയോജനപ്പെടുത്തുന്നു എന്ന ക്യാൻസർ റിസേർച്ച് യുകെയുടെ പ്രഖ്യാപനം കൂടിയാണ് ഇപ്പോൾ ഇന്ത്യയുമായി ചേർന്നുള്ള ഈ വമ്പൻ ഗവേഷണ പദ്ധതി. ഗവേഷണം വിജയപ്രദമായാൽ ക്യാൻസർ തുടക്കത്തിലേ കണ്ടെത്താനും ഫലപ്രദമായി തടയാനും കഴിയും എന്ന പ്രതീക്ഷയാണ് ഇപ്പോൾ നാമ്പിടുന്നത്. ഈ ഗവേഷണ പദ്ധതിക്ക് കരാർ ഒപ്പിടുന്നതിൽ കേന്ദ്ര മന്ത്രിയായ ഹർഷ വർദ്ധൻ പ്രത്യേക താൽപ്പര്യം എടുത്തിരുന്നു എന്നതാണ് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

ക്യാൻസറിന്റെ വ്യാപനം തടയുക, ചികിത്സ കൂടുതൽ ലളിതമാക്കുക, പാവങ്ങൾക്കും ഈ രോഗത്തെ നേരിടാൻ സഹായമാകും വിധം ചികിത്സ പണച്ചെലവ് ഇല്ലാതാക്കുക എന്നതൊക്കെയാണ് 93 കോടി രൂപ മുടക്കി നടത്തുന്ന ഈ ഗവേഷണം ലക്ഷ്യം വയ്ക്കുന്നത്. അഞ്ചു വർഷം കൊണ്ട് ഗവേഷണം പൂർത്തിയാകും എന്ന പ്രതീക്ഷയാണ് ഇന്ത്യയും ബ്രിട്ടനും പങ്കിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും കാൻസർ റിസേർച്ച് യുകെ തലവൻ പ്രൊഫ. സർ ലെസെക് ബോറിസിവിക്കും ഒപ്പു വച്ചതോടെ ഫലത്തിൽ ഗവേഷണ പദ്ധതികു തുടക്കമായിരിക്കുകയാണ്. ന്യൂഡൽഹിയിൽ മൂന്നു ദിവസം നടന്ന പ്രത്യേക സമ്മേളനത്തിന് ഒടുവിലാണ് ധാരണാപത്രം കൈമാറിയത്. ഇതിൽ ശാസ്ത്രജ്ഞർ, ഗവേഷക പ്രതിനിധികൾ, പ്രതിരോധ വിദഗ്ദ്ധർ, മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, അടക്കമുള്ള വൻ പ്രതിനിധി സംഘമാണ് മൂന്നു ദിവസത്തെ ചർച്ചകളിൽ ഭാഗഭാക്കായത്.

ക്യാൻസർ ഏതെങ്കിലും ഒരു രാജ്യത്തിന് ഒറ്റയ്ക്കു നേരിടാൻ കഴിയുന്ന മാരക വിപത്തല്ലെന്നു മനസിലാക്കിയാണ് ഇന്ത്യ ഈ രംഗത്ത് ലോക രാജ്യങ്ങളുമായി കൈകോർക്കാൻ തയ്യാറാകുന്നത് എന്ന് സമ്മേളനത്തിൽ രേണു സ്വാരൂപ് വ്യക്തമാക്കി. ക്യാൻസറിന് എതിരെയുള്ള പോരാട്ടത്തിൽ ഒരു പുതുവഴി തുറക്കുകയാണ് ഇപ്പോൾ എന്ന് ചർച്ചയിൽ സജീവ സാന്നിധ്യം ആയിരുന്ന കാൻസർ റിസേർച്ച് യുകെ എക്‌സിക്യൂട്ടീവ് നിക് ഗ്രാന്റ് വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്നും ബ്രിട്ടനിൽ നിന്നുമുള്ള അഞ്ചു വീതം ക്യാൻസർ ചികിത്സാ വിദഗ്ധരുടെ മേൽനോട്ട സമിതിയാകും ഗവേഷണം നിയന്ത്രിക്കുക. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധൻ പ്രൊഫ. ഡേവിഡ് ഹണ്ടർ യുകെയ്ക്കു വേണ്ടിയും ടാറ്റ മെമോറിയൽ ഹോസ്പിറ്റലിലെ ഡോ സി എസ് പ്രമേഷ് ഇന്ത്യക്കു വേണ്ടിയും നേതൃത്വം വഹിക്കും.

ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദി യുകെയിൽ എത്തിയപ്പോൾ നടന്ന ചർച്ചകളുടെ ഭാഗമായാണ് ഈ കരാർ വേഗത്തിൽ നടപ്പാക്കാൻ ഇരു ഭാഗത്തു നിന്നും ശ്രമം ഉണ്ടായത്. അന്ന് ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാർ നടത്തിയ സംയുക്ത പ്രസ്താവനയിൽ ഈ ഗവേഷണം സംബന്ധിച്ച സൂചന നൽകിയിരുന്നു.