തിരുവനന്തപുരം: അർബുദ രോഗ ബാധയെത്തുടർന്ന് രോഗാവസ്ഥയോട് പൊരുതി വിജയിച്ച് അർബുദ വിമുക്തരായവരുടെ ഒത്തു ചേരലിന് വേദിയൊരുങ്ങി. ഈ ഒത്തുചേരൽ ആഘോഷമാക്കുന്നതിന്റെ ഭാഗമായി പിങ്ക് ഹോപ് ക്യാൻസർ പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ പരിചരണത്തിൽ വിദഗ്ദ്ധരായ എഛ് സി ജിയുമായി സഹകരിച്ചു നടപ്പാക്കുന്ന 'സെൽഫ്-വി സർവൈവർ സ്റ്റോറീസ്' നാലാം എഡിഷന്റെ മുഖ്യ വിഷയം 'സെലിബ്രേറ്റിങ് ലൈഫ്' എന്നതാണ്.

അർബുദത്തെ അതിജീവിച്ചവർക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെൽഫ് വി സർവൈവർ സ്റ്റോറീസ്. അർബുദ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിഗൂഢതകൾ ഇല്ലാതാക്കുന്നതിനും അർബുദ വിമുക്തർ തങ്ങളുടെ അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കഥകൾ പങ്ക് വയ്ക്കുന്നത് വഴി ഈ രോഗത്തോട് പോരാടുന്ന നിരവധി പേർക്ക് ഊർജ്ജം പകരുന്നതിനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പോപ്പുലേഷൻ ബേസ്ഡ് ക്യാൻസർ റെജിസ്ട്രിസ് (PBCR) നൽകുന്ന വിവരങ്ങളനുസരിച്ച് കേരളത്തിൽ ഓരോ വർഷവും 50000 പുതിയ അർബുദ രോഗികൾ സൃഷ്ടിക്കപ്പെടുന്നു, ദേശീയ തലത്തിലെ ശരാശരിയേക്കാൾ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ രോഗത്താൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. വായ, ഉദരം എന്നിവയെ അപേക്ഷിച്ച് പുരുഷന്മാരിൽ ശ്വാസകോശ അർബുദമാണ് കൂടുതലായും കാണപ്പെടുന്നതെങ്കിൽ സ്ത്രീകളിൽ തൈറോയ്ഡ്, സെർവിക്‌സ് എന്നിവിടങ്ങളേക്കാൾ മാറിടമാണ് കൂടുതലായും അർബുദ ബാധിതമാകുന്നത്. സമീപകാലത്തിൽ പുകയില സംബന്ധമായ അർബുദം അപകടകരാമാം വിധം വർധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരിൽ 43.8% പേർ പുകയില മൂലം അർബുദ ബാധിതരായവരാണെങ്കിൽ സ്ത്രീകളിൽ അത് 13. 6 ശതമാനമാണ്.
ക്യാൻസർ രോഗ വിമുക്തരായവർക്ക് തങ്ങളുടെ ജീവിതത്തിലെ ആഹ്ളാദം പങ്ക് വയ്ക്കുവാനുള്ള അവസരമൊരുക്കുകയാണ് സെൽഫ്-വി സർവൈവർ സ്റ്റോറീസ്. കേരളത്തിൽ നിന്നുള്ള അർബുദ വിമുക്തർക്ക് തങ്ങളുടെ അതിജീവന കഥകളും ഇപ്പോഴുള്ള അവരുടെ ജീവിത രീതികളും ജീവിതത്തിലെ സന്തോഷമാർന്ന നിമിഷങ്ങളുമെല്ലാം പങ്കു വയ്ക്കുന്ന 60 മുതൽ 90 മിനിറ്റ് വരെ ദൈർഘ്യമുള്ള സെൽഫി വീഡിയോകൾ അപ്ലോഡ് ചെയ്യുക വഴിയാണ് ഈ പ്രചാരണത്തിന്റെ ഭാഗമാകാൻ കഴിയുക.

ഇത്തരത്തിൽ ചിത്രീകരിക്കുന്ന വീഡിയോ facebook.com/selfv എന്ന ഫേസ്‌ബുക്ക് പേജിലോ, www.selfv.in എന്ന വെബ്‌സൈറ്റിലോ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുക വഴി രോഗത്തോട് പൊരുതുന്ന നിരവധി പേർക്ക് ഊർജ്ജം പകരുവാനും ഇതുമായി ബന്ധപ്പെട്ട പല അവ്യക്തതകളും മാറ്റുവാനും സാധിക്കും. ഇങ്ങനെ ലഭ്യമാകുന്ന വീഡിയോകളിൽ നിന്നും വിധിക്കർത്താക്കളുടെ സമിതി തിരഞ്ഞെടുക്കുന്ന മികച്ചവയ്ക്ക് സെൽഫ് വി 2018 ഗ്രാൻഡ് ഫിനാലെയിൽ പ്രവേശനം നൽകും.

അർബുദത്തെ അതിജീവിച്ചവരുടെ മനോബലവും അവരുടെ പ്രചോദനമാകുന്ന കഥകളും പങ്ക് വയ്ക്കുന്ന ഇത്തരത്തിലൊരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിയുന്നതിലുള്ള സന്തോഷം വ്യക്തമാക്കിയ, അർബുദ വിമുക്തരിൽ ഒരാളായ അമർ ഭാസ്‌കർ, ഈ രോഗവുമായി ബന്ധപ്പെട്ട് ഒരു പോരാട്ടം തന്നെയുണ്ടെന്നും എന്നാൽ ക്യാൻസറുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങളും നിഗൂഢതകളും ഇല്ലായ്മ ചെയ്യുവാനും അതിലൂടെ രോഗം നേരിടുന്നവർക്കും അതിജീവനം സാധ്യമാക്കിയവർക്കും അവരുടെ കുടുംബങ്ങൾക്കും ജീവിതം ആസ്വാദകരമാക്കിത്തീർക്കുവാനും പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

അർബുദ വിമുക്തരായതിനാൽ ഈ രോഗം നേരിടുന്നവരെല്ലാം കടന്നുപോകുന്ന സാഹചര്യങ്ങൾ തങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് മറ്റൊരു ക്യാൻസർ സർവൈവറായ ഫരീദ റിസ്വാൻ പറഞ്ഞു. ഊർജസ്വലമായ ഒരു മാനസികാവസ്ഥയാണ് അത്തരത്തിലൊരു പ്രതിസന്ധി മറികടക്കുവാൻ തനിക്ക് സഹായകമായതെന്നും അത്തരത്തിൽ വിജയിച്ച തങ്ങളെല്ലാം ഇന്ന് ജീവിതത്തിലെ ചെറുതും വലുതുമായ സന്തോഷങ്ങളെല്ലാം ആഘോഷിക്കുന്നുവെന്നും അവർ അഭിപ്രയപ്പെട്ടു. അർബുദ വിമുക്തരായ കൂടുതൽ പേർ തങ്ങളുടെ പോരാട്ടത്തിന്റെയും വിജയത്തിന്റെയും അനുഭവങ്ങൾ പങ്ക് വയ്ക്കുന്നത് ആയിരക്കണക്കിനുള്ള അർബുദ രോഗികൾക്ക് ആത്മവിശ്വാസം നൽകുമെന്നും അർബുദത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്നും അത് ആഹ്‌ളാദകരമാകുവാൻ സാധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിന് സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
അർബുദം ഒരു ദുരന്തമായിട്ടാണ് സമൂഹത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും അതിൽ നിന്നും വിമുക്തരായവർക്ക് മുന്നോട്ട് വന്ന് തങ്ങളുടെ കഥകൾ പങ്ക് വയ്ക്കുന്നതിന് ധൈര്യം പകരുന്ന രീതിയിൽ വിവരങ്ങൾ കൃത്യമായി അവരിലേക്കെത്തിക്കണമെന്നും സെൽഫ്-വി സർവൈവർ സ്റ്റോറീസ് അംഗമായ ഡോ. നളിനി റാവു അഭിപ്രായപ്പെട്ടു. തങ്ങളുടെ കഥകളും പോരാട്ടങ്ങളും പങ്കുവയ്ക്കുന്നത് വഴി മറ്റുള്ളവരെ ശക്തരാക്കുന്നതിന് സഹായകമാകുന്ന അനുയോജ്യമായ വേദിയാണിതെന്നും വ്യക്തമാക്കി.

അർബുദത്തോട് പോരാടുന്നവർക്ക് അവബോധം നൽകുന്നതിനും അർബുദ വിമുക്തരെ തങ്ങളുടെ അതിജീവനത്തിന്റെ കഥകൾ പങ്ക് വയ്ക്കുന്നതിന് പ്രോത്സാഹിപ്പികുകയുമാണ് പിങ്ക് ഹോപ് ക്യാൻസർ പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, എച്ച് സി ജി എന്നിവർ സഹകരിക്കുന്ന ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

പിങ്ക് ഹോപ് ക്യാൻസർ പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്
അർബുദ രോഗികൾക്കും പരിചരിക്കുന്നവർക്കും ചികിത്സയിലെ ബുദ്ധിമുട്ടുകളിലും ഈ രോഗത്തെക്കുറിച്ചുള്ള ഭയം മറികടക്കുന്നതിനും സഹായിക്കുവാനായുള്ള അർബുദ വിമുക്തരുടെ സംഘമാണ് എഛ് സി ജി ഫൗണ്ടേഷന്റെ ഭാഗമായുള്ള പിങ്ക് ഹോപ് ക്യാൻസർ പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്. രോഗികൾക്ക് പരിചരണവും പിന്തുണയും നൽകി അവരിൽ പ്രതീക്ഷ, മാനസികാരോഗ്യം, ഒരു നല്ല മനോഭാവം എന്നിവ വികസിപ്പിക്കുവാനായി ഒരു കുടുംബം പോലെ പ്രവർത്തിക്കുകയാണ് ഈ സംഘം