ടൊറന്റോ: പിആർ ലഭിച്ചതിനു ശേഷം സിറ്റിസൺഷിപ്പിനായി കാത്തിരിക്കുന്നവർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായി കാനഡ സർക്കാർ. സിറ്റിസൺഷിപ്പ് ആക്ടിൽ വ്യാപകമായ അഴിച്ചുപണി നടത്തിയതോടെ ഇനി മുതൽ കാനഡയിൽ സിറ്റിസൺഷിപ്പിനായി എളുപ്പത്തിൽ അപേക്ഷിക്കാം. കുടിയേറ്റക്കാർക്ക് ഏറെ അനുകൂലമായി നടത്തിയിരിക്കുന്ന ഈ അഴിച്ചുപണിയിൽ മുമ്പുള്ളതിനെക്കാൾ എളുപ്പത്തിൽ കാനഡയിൽ സിറ്റിസൺഷിപ്പ് ലഭിക്കും എന്നുള്ളതാണ് പരമപ്രധാനം.

കാനഡയിൽ സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നതിനും സിറ്റിസൺഷിപ്പ് ലഭിക്കുന്നതിനും ഇനി ഏറെ നൂലാമാലകൾ കടക്കേണ്ടതില്ല. കാനഡ സിറ്റിസൺഷിപ്പ് ലഭിക്കുന്നതിന് പെർമനന്റ് റസിഡന്റ്‌സ് കാലാവധി നാലു മുതൽ ആറു വർഷം വരെയായിരുന്നത് മൂന്നു മുതൽ അഞ്ചു വർഷം വരെയാക്കി ചുരുക്കിയെന്നതാണ് ഇതിലെ പരമപ്രധാനമായ മാറ്റം. ടെമ്പററി വിസകളിലും മറ്റും കാനഡയിൽ താമസിച്ചു വന്നിരുന്ന കുടിയേറ്റക്കാർക്ക് സിറ്റിസൺഷിപ്പ് ലഭിക്കുന്നതിന് വേണ്ട ചുരുങ്ങിയ മൂന്നു വർഷ കാലാവധിയിലേക്ക് ഈ കാലയളവ് കൂട്ടിച്ചേർക്കാം എന്നതും ശ്രദ്ധേയമാണ്.

സിറ്റിസൺഷിപ്പിന് അപേക്ഷിക്കുന്നവർക്ക് അത്യാവശ്യം ഉണ്ടായിരിക്കണമെന്നു പറയുന്ന ഭാഷാ പ്രാവീണ്യത്തിലും മറ്റും അയവുകളും വരുത്തുന്നുണ്ട്. കാനഡ സിറ്റിസൺഷിപ്പിന് അർഹത നേടുന്നതു മുതൽ സിറ്റിസൺഷിപ്പ് നൽകിയ ഒരു വ്യക്തിക്ക് അനുഭവിക്കാൻ സാധിക്കുന്ന അവകാശങ്ങളെ കുറിച്ചു വരെയുള്ള കാര്യങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കാനഡ സിറ്റിസൺഷിപ്പ് ആക്ടിൽ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.