തിരുവനന്തപുരം: കിംസ് ആശുപത്രി കെട്ടിടത്തിൽ നിന്നും വീണുമരിച്ച റോജി റോയിയെന്ന നഴ്‌സിങ് വിദ്യാർത്ഥിനിക്ക് നീതിലഭിക്കാൻ സോഷ്യൽ മീഡിയ നടത്തുന്ന പോരാട്ടം കൂടുതൽ ശക്തി പ്രാപിക്കുന്നു. റോജി റോയിക്ക് വേണ്ടി ഇന്ന് സോഷ്യൽ മീഡിയയിലും കേരളത്തിന്റെ വിവിധയിടങ്ങളിലും ആയിരങ്ങൾ മെഴുകുതിരി നാളങ്ങൾ തെളിയിച്ചു. റോജിയുടെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിവിധയിടങ്ങളിൽ ഫേസ്‌ബുക്ക് ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്. കിംസ് ആശുപത്രിക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അതേസമയം ഫേസ്‌ബുക്കിലൂടെ വൻ പ്രചാരണമാണ് ഉണ്ടായതെങ്കഗിലും കിംസിന് മുമ്പിൽ മെഴുതുതിരി കത്തിക്കാൻ അധികം പേർ എത്തിയിരുന്നില്ല. ഇരുപതോളം പേർ മാത്രമാണ് ഇവിടെ പ്രതിഷേധ കൂട്ടായ്മയിൽ എത്തിയത്.

അതേസമയം പ്രതിഷേധ കൂട്ടായമ്മയിൽ പങ്കെടുക്കാൻ മെഴുകുതിരിയുമായി കിംസ് ആശുപത്രിക്ക് മുന്നിലേക്ക് നീങ്ങിയവരെ പൊലീസ് വടം കെട്ടി തടഞ്ഞത് ബഹളത്തിന് ഇടയാക്കി. കൊല്ലം ചിന്നക്കട മുതൽ ബീച്ച് റോഡ് വരെയാണ് വൈകിട്ട് മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയത്. മറ്റ് പല സ്ഥലങ്ങളിലും ഫേസ്‌ബുക്ക് കൂട്ടായ്മകൾ ഇത്തരം പ്രകടനങ്ങൾ നടത്തി. റോജിയുടെ മരണത്തിന് പിന്നിലെ വസ്തുതകൾ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ വൻ പ്രതിഷേധ സമരങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

കിംസ് ആശുപത്രിയിലെ രണ്ടാംവർഷ ബിഎസ്.എസി നഴ്‌സിങ് വിദ്യാർത്ഥിനിയായ റോജി റോയിയെ ആറാം തീയതിയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നേഴ്‌സിങ് കോളജ് പ്രിൻസിപ്പലിനും മാനേജ്‌മെന്റിനുമെതിരെയാണ് ബന്ധുക്കൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. റോജിയുടെ മരണത്തിന് കാരണം പ്രിൻസിപ്പലാണെന്നും അവർ റോജിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

ആശുപത്രി അധികൃതർക്കെതിരെ വൻ പ്രചരണമാണ് സോഷ്യൽമീഡിയ വഴി നടക്കുന്നത്. ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രം റോജിയുടേതാക്കിയാണ് പ്രതിഷേധം നടക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് വെങ്കിടേഷിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും പ്രതിഷേധം തുടരുകയാണ്.