മലപ്പുറം: വി പി സത്യന്റെ ജീവിതം പറയുന്ന സിനിമ വെള്ളിത്തിരയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഗുഡ്വിൽ എന്റർടൈന്മെന്റസ്ിന്റെ ബാനറൽ നോബിൾ ജോർജ് നിർമ്മിക്കുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രജേഷ് സെന്നാണ്. ഫുട്ബോൾ പ്രമേയമായ ചിത്രമെന്ന നിലയിൽ മലപ്പുറത്തും കോഴിക്കോടും അടക്കമുള്ള ജില്ലകളിലെ ഫുട്ബോൾ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയാണ് സിനിമക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഫുട്‌ബോൾ പ്രമേികളുടെ തട്ടകമായ മലപ്പുറത്തെ എടപ്പാളിൽ വെച്ച് ഇന്നലെ സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്ത.

എടപ്പാൾ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെലബ്രിറ്റി സെവൻസ് ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ സംബന്ധിക്കാൻ എത്തുകയും ചെയ്തു. ജയസൂര്യ അടക്കമുള്ള നടീനടന്മാർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാൻ വെറ്ററൻ ഫുട്‌ബോൾ താരങ്ങളും എത്തിയിരുന്നു. മന്ത്രി കെ ടി ജലീലാണ് സ്വന്തം മണ്ഡലത്തിൽ നടന്ന പരിപാടിയുടെ അമരക്കാരനായി എത്തിയത്.

മലപ്പുറം ശുഖപുരം സഫാരി സ്റ്റേഡിയത്തിലാണ് താരങ്ങൾ ഏറ്റുമുട്ടുന്ന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചത്. താരങ്ങളെ കാണാമെന്നുള്ള പ്രതീക്ഷയിൽ ടിക്കറ്റെടുത്തവർക്ക് നിരാശ ഉണ്ടായതുമില്ല. സിനിമ താരം ജയസൂര്യ നയിക്കുന്ന കലാരംഗത്തെ പ്രമുഖരാണ് ഒരു ഭാഗത്തെ ടീമിന് നേതൃത്വം കൊടുത്തത്. മറുഭാഗത്ത് ടീമിൽ ഒരു കാലത്ത് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ അഭിമാന താരങ്ങളായിരുന്ന കേരള പൊലീസ് താരങ്ങളായ ഐ.എം വിജയൻ, യു ഷറഫലി, കെപി ചാക്കോ, ഹബീബ് റഹ്മാൻ, പാപ്പച്ചൻ തുടങ്ങിയവരും ബൂട്ടണിഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതും പരിപാടിയിൽ സംബന്ധിക്കാൻ എത്തിയിരുന്നു. ക്യാപ്റ്റൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചു ട്രെയിലർ റിലീസും സ്റ്റേഡിയത്തിൽ തന്നെ നടന്നു. ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി സിനിമയിൽ സത്യനായി വരുന്ന ജയസൂര്യ
സത്യേട്ടന്റെ ഭാര്യ അനിത, സിനിമയിൽ അനിതയാവുന്ന നടി അനു സിത്താര, ഗായകൻ പി.ജയചന്ദ്രൻ, ആദ്യകാല ഗായിക വാണി ജയറാം
സംഗീത സംവിധായകൻ ഗോപീ സുന്ദർ തുടങ്ങി ഒട്ടനവധി പേർ സംബന്ധിച്ചു.

സത്യന്റെ ഓർമ്മകളിൽ പന്തുതട്ടാനെത്തിയത് യു.ഷറഫലി, ഐ.എം വിജയൻ, കുരികേശ് മാത്യു. സിവി പാപ്പച്ചൻ മെഹബൂബ്, ഹബീബ് റഹ്മാൻ, ലിസ്റ്റൺ, തോബിയാസ് തുടങ്ങിയവരെല്ലാമുണ്ടായിരുന്നു പന്ത് തട്ടാൻ. എം ജയചന്ദ്രനും വാണി ജയറാമും നയിക്കുന്ന സംഗീത നിശയും അരങ്ങേറി. സിനിമ താരങ്ങളായ ജയസൂര്യ, സിദ്ദിഖ്, അനു സിതാര മറ്റ് കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.