കൊച്ചി: കണ്ണുനിറഞ്ഞൊഴുകിക്കൊണ്ടിരുന്നു, അപ്പോഴും ആ കൈകൾ വിറച്ചില്ല.... അവസാന സല്യൂട്ട് നൽകി ക്യാപ്റ്റൻ നിർമൽ ശിവരാജിന് ഭാര്യ ഗോപീചന്ദ്ര ധീരോചിതമായി യാത്രയയപ്പ് നൽകി. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്സായ ഗോപീചന്ദ്രയെ കണ്ട് 15-ന് രാത്രി പച്മഡിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്ക് പോകുമ്പോഴാണ് നിർമലിന് അപകടം സംഭവിച്ചത്. സന്തോഷകരമായ ദാമ്പത്യം കേവലം എട്ടുമാസം മാത്രം പിന്നിട്ടപ്പോഴാണ് മിന്നൽപ്രളയത്തിൽ ഭർത്താവിനെ നഷ്ടപ്പെടുന്നത്. അപ്പോഴും തളരാതെ ധീരനായ ഭർത്താവിന് സല്യൂട്ട്.

മധ്യപ്രദേശ് മുതൽ നിർമലിന്റെ മൃതദേഹത്തെ ഗോപീചന്ദ്ര അനുഗമിക്കുകയായിരുന്നു. ഒടുവിൽ വീട്ടിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് ഗോപീചന്ദ്ര വിങ്ങിപ്പൊട്ടി അവസാന സല്യൂട്ട് നൽകിയത്. അപ്രതീക്ഷിതമായെത്തിയ മരണം താങ്ങാനാവുന്നതായിരുന്നില്ല ഓരോ കുടുംബത്തിനും. മാമംഗലത്തെ വീട്ടിൽ നിർമലിന്റെ മൃതദേഹമെത്തിച്ചപ്പോൾ അമ്മ സുബൈദയുടെ പൊട്ടിക്കരഞ്ഞു. എന്റെ മോനേ... നീ പോയോ... എന്ന് ആർത്തലച്ച് കരയുന്ന അമ്മ നൊമ്പരമായി.

സഹോദരി ഐശ്വര്യയും ചേട്ടന്റെ മൃതദേഹമെത്തുന്നതും കാത്ത് ഉച്ചമുതൽ വീട്ടുമുറ്റത്ത് വാടിത്തളർന്നിരിക്കുകയായിരുന്നു. അടുത്ത മാസം നിർമലിന് വകുപ്പുതല പരീക്ഷയുണ്ട്. നിർമലിനു കൂട്ടായി കുടുംബസമേതം മധ്യപ്രദേശിനു പോകാൻ തയ്യാറെടുക്കവേയാണ് ദുരന്തമെത്തുന്നത്. ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഉച്ചയ്ക്ക് രണ്ടേകാലോടെ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ ഭൗതികദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി.

ഭൗതികദേഹം മാമംഗലത്തെ വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭര രംഗങ്ങൾ. നിർമലിന്റെ ഭാര്യ ലഫ്റ്റനന്റ ഗോപിചന്ദ്രയും മധ്യപ്രദേശിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടർ രേണു രാജ് പുഷ്പചക്രം സമർപ്പിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഭാര്യയെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങവെയാണ് ക്യാപ്റ്റൻ നിർമൽ അപകടത്തിൽപ്പെട്ടത്. ആദരം അർപ്പിക്കാൻ നാടാകെയെത്തി. മധ്യപ്രദേശിൽ നിന്നു സേനാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നലെ ഉച്ചയ്ക്കു 2.15നാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.

ജബൽപുരിലെ സൈനിക ആശുപത്രിയിൽ നഴ്‌സായ ഭാര്യ ലഫ്റ്റനന്റ് ഗോപിചന്ദ്ര, അച്ഛൻ ചന്ദ്രബാബു, അമ്മ ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു. മറാത്ത ലൈറ്റ് ഇൻഫെന്ററി റജിമെന്റിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. സേനാംഗങ്ങളുടെ അകമ്പടിയോടെ വൈകിട്ട് മൂന്നരയോടെ കലൂർ കറുകപ്പിള്ളി ഭാഗ്യതാര നഗറിലെ വീട്ടിലെത്തിച്ചു. അഞ്ചോടെ പച്ചാളം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിനായി മന്ത്രി പി.രാജീവ് വീട്ടിലെത്തി ആദരമർപ്പിച്ചു.

കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണു കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. രാഷ്ട്രത്തിന്റെ ഒരു വീരപുത്രനെയാണു നഷ്ടപ്പെട്ടതെന്നും മാതൃരാജ്യത്തിനുവേണ്ടിയുള്ള ആ ധീരജവാന്റെ പ്രവർത്തനം രാഷ്ട്രമെന്നും സ്മരിക്കുമെന്നും കേന്ദ്ര സഹ മന്ത്രി ഭഗവന്ത് ഹുബ പറഞ്ഞു.