കോഴിക്കോട്: ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസ താരം വി.പി. സത്യന്റെ ജീവിതം പറയുന്ന ചിത്രം ക്യാപ്റ്റൻ കോഴിക്കോട് ചിത്രീകരണം തുടങ്ങി. ചലച്ചിത്ര പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഫുട്ബോൾ പ്രേമികളും സത്യന്റെ കുടുംബാംഗങ്ങളുമുൾപ്പെടെയുള്ളവരുടെ നിറസാന്നിധ്യത്തിലാണ് ഫുട്ബാളിനെ ജീവനായി കണ്ട സത്യന്റെ ജീവിതത്തിലേക്ക് കാമറ മിഴി തുറന്നത്.

ചിത്രീകരണം ഗുരുവായൂരപ്പൻ കോളജിലാണ് ചിത്രീകരണം തുടങ്ങിയത്. അനു സിതാരയാണ് നായിക. ഗുഡ്വിൽ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ കിക്കോഫ് സംവിധായകൻ സിദ്ദീഖ് നിർവഹിച്ചു. ജി. പ്രജേഷ് സെൻ ആണ് സംവിധാനം. സത്യന്റെ ഓർമ്മകൾ നിറഞ്ഞു നിന്ന ചടങ്ങാണ് നടന്നത്.

സത്യന്റെ അമ്മ നാരായണിയമ്മ, പി.വി.ഗംഗാധരൻ, പ്രൊഡ്യൂസർ ജോബി ജോർജ്, ആന്റോ ജോസഫ്, രാഗേഷ്, നടൻ ജയസൂര്യ എന്നിവർ ഭദ്രദീപം കൊളുത്തി. ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് സ്വിച്ചോൺ ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കുരികേഷ് മാത്യു ആദ്യ ക്ലാപ്പടിച്ചു. ഐ.എസ്.എൽ താരം മുഹമ്മദ് റാഫി കിക്കോഫ് ചെയ്തു. കഥാകൃത്ത് വി.ആർ.സുധീഷ്, സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ, അനിത സത്യൻ, ആതിര തുടങ്ങിയവർ സംബന്ധിച്ചു.

പത്രപ്രവർത്തകൻ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ുയന്ന ചിത്രം ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ടി.എൽ. ജോർജാണ് നിർമ്മിക്കുന്നത്. വി.പി. സത്യനായി ജയസൂര്യ അഭിനയിക്കുന്നു. അനു സിത്താരയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപക്, രൺജി പണിക്കർ, സിദ്ധീഖ്, നിർമൽ പാലാഴി തുടങ്ങിയ പ്രമുഖരോടൊപ്പം നൂറോളം ഫുട്ബോൾ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വി.പി. സത്യൻ എന്ന ഫുട്ബാൾ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫൻസിവ് മിഡ് ഫീൽഡറായും കളംനിറഞ്ഞാടിയ സത്യെന്റ ജീവിതം 41-ാം വയസ്സിൽ ഒരു ട്രെയിനിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വർഷത്തെ ഇടവേളക്ക് ശേഷം 1992 ൽ കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും '95 ൽ ഇന്ത്യൻ ദേശീയ ടീം സാഫ് ഗെയിംസിൽ സ്വർണം നേടിയപ്പോഴും ക്യാപ്റ്റനായിരുന്നു സത്യൻ.

കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യന്റെ ജീവിതം സിനിമയാകുമ്പോൾ ആ ഇതിഹാസ താരമാകാൻ ജയസൂര്യ നേരത്തേ പരിശീലനമുൾപ്പെടെയുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു.