കണ്ണൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാങ്കോലിനോട് ചേർന്ന് ഒരു ചുവന്ന കാർ ഉപേക്ഷിക്കപ്പെട്ടിട്ട് ഒന്നര വർഷത്തോളമായി. ഇതുവരെ ആ കാറിനെ തേടി ആരും വന്നില്ല. ഈ കാറ് ആരുടേത് എന്താണ് എന്ന് സംബന്ധിച്ച വിവരം അന്വേഷിക്കാനായി പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ഫിയറ്റ് പാലിയോ കാറാണ് ഇവിടെ അനാഥമായി കിടക്കുന്നത്.

KL 13 T 7815 നമ്പർ വണ്ടിയാണ് ഒന്നരവർഷം മുൻപേ കാങ്കോൽ ചീമേനി റോഡിൽ എത്തിയത്. ഒന്നര വർഷം മുമ്പേ പകൽ സമയത്ത് ഈ റോഡിനോട് ചേർന്ന് സ്ഥലത്ത് ഓഫ് ആയി പോയതാണ് ഈ വണ്ടി. അന്ന് വാഹനത്തിൽ നാലുപേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ മെക്കാനിക്കിനെയും വിളിച്ചു വരാമെന്ന് പറഞ്ഞു വാഹനം അടുത്തുള്ള വായനശാലയുടെ അടിയിൽ തള്ളിനീക്കിയ ശേഷം നാല് പേരും സ്ഥലം വിട്ടതാണ്. ഇതുവരെ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയവർ തിരിച്ചെത്തിയില്ല.

ഒന്നരവർഷം കഴിഞ്ഞിട്ടും ഉടമസ്ഥർ ഇല്ലാതായതോടെ പൊലീസിനെ വിവരം അറിയിച്ചിരിക്കുകയാണ് നാട്ടുകാർ. ഇത്തരത്തിൽ അധികം പഴക്കമില്ലാത്ത ഒരു കാർ ഇത്തരത്തിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിനുപിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന ഭയത്തിലാണ് ഇപ്പോൾ നാട്ടുകാർ. ഈ സംഭവത്തിന് പിന്നിൽ കാര്യമായ ദുരൂഹതയുണ്ട് എന്ന് സംശയിക്കുന്നു. ഒന്നരവർഷം മുമ്പ് ഉപേക്ഷിക്കപ്പെട്ട വണ്ടി ആയതിനാലും പ്രദേശം നാട്ടിൻപുറം ആയതിനാൽ സിസിടിവി ദൃശ്യങ്ങൾ പ്രദേശത്ത് ഒന്നുമില്ല എന്നതും വരുംദിവസങ്ങളിൽ അന്വേഷണമായി ബന്ധപ്പെട്ട കാര്യങ്ങൾ ദുസ്സഹമാക്കും.

വണ്ടിയുടെ രജിസ്‌ട്രേഷൻ നമ്പറുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എങ്കിലും അത് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. വഴിയോട് ചേർന്ന സ്ഥലത്ത് ഈ വാഹനം നിർത്തിയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്കും യാത്ര ദുസ്സഹമായി തീർന്നിരിക്കുകയാണ് ഇപ്പോൾ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് റോഡ് മുറിച്ചു കടക്കുന്ന സ്ത്രീയെ രക്ഷിക്കാൻ മുതിരവേ ഒരു ജീപ്പ് കാറിന്റെ പിൻവശത്തെ അടിച്ച് പിന്നിലെ ഗ്ലാസ് തകർന്നിട്ടുണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട് ദുരൂഹത എത്രയും പെട്ടെന്ന് നിൽക്കണം എന്ന ആഗ്രഹത്തിലാണ് നാട്ടുകാർ.